Skip to main content

നാരീശക്തി പുരസ്‌കാരം നമ്പാളിയഴികത്ത് തെക്കതിലേക്ക്; അക്ഷര മുത്തശ്ശിക്ക് അഭിനന്ദനങ്ങളുമായി ജില്ലാ കലക്ടര്‍

സ്ത്രീശാക്തീകരണത്തിനുള്ള കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്‌കാരം 105-ാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷ ജയിച്ച അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മയെ തേടിയെത്തുമ്പോള്‍ നാടെങ്ങും ആഹ്ലാദം. പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതില്‍ വീട്ടില്‍ പുരസ്‌കാരലബ്ധി അറിയിക്കാനെത്തിയ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഭാഗീരഥിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. മന്ത്രാലയത്തില്‍ നിന്ന് പുരസ്‌കാരം സംബന്ധിച്ച സന്ദേശവും അദ്ദേഹം കൈമാറി.
 രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്‌കാരം  ആലപ്പുഴയിലെ 96 വയസുള്ള സാക്ഷരതാപഠിതാവ് കാര്‍ത്ത്യായനിയമ്മയുമായാണ് ഭാഗീരഥിയമ്മ പങ്കിടുന്നത്. വനിതാദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
പുരസ്‌കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും എന്നാല്‍ രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി സ്വീകരിക്കാന്‍ പ്രായത്തിന്റെ അവശതകള്‍ അനുവദിക്കുന്നില്ലെന്നും ഭാഗീരഥിയമ്മ പറഞ്ഞു.
ഈ സാഹചര്യത്തില്‍ പ്രതിനിധിക്ക് ഏറ്റുവാങ്ങുന്നതിനോ ഉചിതമായ രീതില്‍ പുരസ്‌കാരം വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനോ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആലപ്പുഴയിലെ കാര്‍ത്ത്യായനിയമ്മയ്ക്കുള്ള കത്ത് കൈമാറാന്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

തൃക്കരുവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരപിള്ള, സാക്ഷരതാ റിസോഴ്‌സ് പേഴ്‌സണ്‍ കെ ബി വസന്തകുമാര്‍ ഭാഗീരഥിയമ്മയുടെ മക്കളായ തുളസീധരന്‍ പിള്ള, സോമനാഥന്‍ പിള്ള, തങ്കമണി പിള്ള, ചെറുമകന്‍ ബിജു എന്നിവര്‍ സന്നിഹിതരായി.

date