Skip to main content

കോവിഡ് 19: ജില്ലാ പഞ്ചായത്തില്‍ അടിയന്തരയോഗം ചേര്‍ന്നു

 

കാക്കനാട്: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സവിത എന്നിവര്‍ രോഗപ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

    രോഗമില്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സോപ്പുപയോഗിച്ച് ദിവസം അഞ്ച് തവണയെങ്കിലും കൈയും മുഖവും വൃത്തിയാക്കണമെന്നും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. രോഗബാധ സംബന്ധിച്ച് പൊതുജനങ്ങളുടെ ഭീതി കുറയ്ക്കുന്നതിനും സംശയനിവാരണത്തിനും ജനപ്രതിനിധികള്‍ സ്വീകരിക്കേണ്ട നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു. 

    അടിയന്തരയോഗത്തില്‍ വികസന സമിതി സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്ജ്, പൊതുമരാമത്ത് സമിതി ചെയര്‍മാന്‍ സി. കെ അയ്യപ്പന്‍കുട്ടി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.എസ്. ഷൈല, മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി അജി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date