Skip to main content

ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കും നിയമാനുസൃത പരിരക്ഷ ഉറപ്പാക്കണം: ജില്ലാ കളക്റ്റര്‍

 

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മറ്റ് ബഹുവിധ വൈകല്യങ്ങള്‍      തുടങ്ങിയവയുള്ളവര്‍ക്ക് 1999ലെ നാഷണല്‍ ട്രസ്റ്റ് ആക്റ്റ് നിഷ്‌കര്‍ശിക്കുന്ന പരിരക്ഷ ഉറപ്പ് വരുത്താന്‍  ശ്രമിക്കണമെന്ന് ജില്ലാ കളക്റ്റര്‍ അമിത് മീണ പറഞ്ഞു. ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്ക് കുടുംബത്തില്‍ തന്നെ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കണം. ഈ വിഭാഗത്തില്‍ പെടുന്നവര്‍ മാതാപിതാക്കളുടെ മരണത്തോടെ സംരക്ഷിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാനാവശ്യമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ സംരക്ഷണത്തിനും സ്വത്ത് കൈകാര്യം ചെയ്യുന്നതിനും  സംരക്ഷകനെ നിയമിക്കുന്നതിനുള്ള അധികാരം ജില്ലാ കലക്റ്റര്‍ ചെയര്‍മാനായുള്ള പ്രാദേശികതല കമ്മിറ്റിക്കാണ്. പരസഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്തവരുടെ സ്വത്തുക്കള്‍ അന്യായമായ രീതിയില്‍ തട്ടിയെടുക്കുന്നത് ഒഴിവാക്കുകയാണ് ആക്റ്റിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇത്തരക്കാര്‍ക്ക് മതിയായ പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നുണ്ട്.
കളക്ട്രേറ്റില്‍ ചേര്‍ന്ന പ്രാദേശിക ലെവല്‍ കമ്മിറ്റി യോഗത്തില്‍ 28 അപേക്ഷകള്‍ പരിഗണിച്ചു 26 അപേക്ഷകള്‍ തീര്‍പ്പാക്കി. രണ്ട് അപേക്ഷകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. അസിസ്റ്റന്റ് കലക്റ്റര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സുഭാഷ് കുമാര്‍ കെ.വി, ജില്ലാ രജിസ്ട്രാര്‍ ആര്‍ അജിത് കുമാര്‍, അസിസ്റ്റന്റ് ക മാണ്ടന്റ് ഓഫ് പൊലീസ് അബദുല്‍ ജബ്ബാര്‍, കമ്മിറ്റി മെമ്പര്‍മാരായ സിനില്‍ ദാസ്, വി വേണുഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date