Skip to main content

ഫാക്ടറി പ്രവർത്തനം നിരോധിച്ചു; അവശ്യസാധന ഫാക്ടറികൾ പ്രവർത്തിക്കും

കൊവിഡ് 19 രോഗബാധയെത്തുടർന്നു സംസ്ഥാനത്തു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ ഒഴികെയുള്ള എല്ലാ ഫാക്ടറികളുടേയും പ്രവർത്തനം മാർച്ച് 31 വരെ നിരോധിച്ചതായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടർ അറിയിച്ചു. പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിയാത്തതരം ഫാക്ടറികളും സ്ഥാപനങ്ങളും നിബന്ധനകൾക്കു വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
കെമിക്കൽ പ്രോസസ് പ്ലാന്റുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്ന ഫാക്ടറികൾ, പെട്രോളിയം, എൽപിജി ബോട്ട്‌ലിങ് പ്ലാന്റ്, ഇന്ധന വിതരണ ഡിപ്പോകൾ, അവശ്യ സാധനങ്ങളുടെ ഉത്പാദന വിതകരണ കേന്ദ്രങ്ങൾ, കാലിത്തീറ്റ നിർമാണ കേന്ദ്രങ്ങൾ എന്നിവ ഉപാധികളോടെ പ്രവർത്തിക്കാൻ അനുവദിക്കും. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. ജീവനക്കാർ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നും കർശന ശുചിത്വ പാലനം ഉറപ്പാക്കണം.
ഫാക്ടറികളുടെ സുരക്ഷ, അപകടകരമായ പദാർഥങ്ങൾ സൂക്ഷിക്കൽ, പ്ലാന്റ്, യന്ത്രോപകരണങ്ങൾ എന്നിവയുടെ പാലനം തുടങ്ങിയവയ്ക്ക് അത്യാവശ്യമുള്ളതരത്തിൽ ജീവനക്കാരെ നിയമിക്കാം. ഇവർക്കും ശുചിത്വം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം. ലോക് ഡൗൺ സമയപരിധിയിൽ ഫാക്ടറി അറ്റകുറ്റപ്പണി അടക്കമുള്ള പ്രവർത്തനങ്ങളും പാടില്ല. രോഗ്യവ്യാപനമുായാൽ അടിയന്തരമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിനെ അറിയിക്കണം. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നപക്ഷം സുരക്ഷിതത്വമുറപ്പാക്കി സ്ഥാപനം അടയ്ക്കണം.  ഫാക്ടറികളിലെ കരാർ, ദിവസ വേതന ജീവനക്കാർ അടക്കമുള്ള എല്ലാ ജീവനക്കാർക്കും ലോക് ഡൗൺ ദിവസങ്ങളിൽ ശമ്പളത്തോടെയുള്ള അവധി അനുവദിക്കണമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ നിർദേശിച്ചു.
പി.എൻ.എക്സ്.1195/2020

date