Skip to main content

കോവിഡ് 19 പോസിറ്റീവ് ഇല്ലാതെ കൊല്ലം മാത്രം; അതിജാഗ്രത തുടരണം - ജില്ലാ കലക്ടര്‍

ഇന്നലെ (26) വരെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ജില്ലയായി കൊല്ലം. ഇന്നലെ മാത്രം 724 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. എന്നാല്‍ രോഗവ്യാപനത്തിന്റെ ഏറ്റവും സാധ്യതയുള്ള ഘട്ടമെന്ന നിലയില്‍ അതീവജാഗ്രത തുടരുകയാണെന്ന് ജില്ലാ കലക് ടര്‍  ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുകയും ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.
അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഇനി ഗൃഹനിരീക്ഷണമുണ്ടാവില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ ജില്ലയില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.  വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി 1090 ബെഡ്ഡുകള്‍  ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകും. സാമൂഹ്യവ്യാപനം തടയുന്നതിനും ക്വാറന്റയിന്‍ ഉള്ളവര്‍ക്കും മറ്റു ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്കും വീടുകളില്ലാതെ മാറി നില്‍ക്കേണ്ടി വരുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കിയും സജീവ പങ്കാളിത്തം വഹിച്ചും ത്യാഗസന്നദ്ധരായി തന്നെ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date