Skip to main content

കോവിഡ് 19 അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. കൊട്ടാരക്കരയില്‍ 16 സ്ഥാപനങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. 86 തൊഴിലാളികളെ നേരിട്ട് കണ്ടു. ഇവര്‍ നിലവില്‍ സുരക്ഷിതരാണ്.  പൂത്തൂര്‍മുക്കിലെ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന മൂന്നു ലോഡ്ജുകളിലും സന്ദര്‍ശനം നടത്തി. ഇവിടങ്ങളില്‍ താമസിക്കുന്ന ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് കെട്ടിട ഉടമ ആഹാരം നല്‍കുന്നുണ്ട്. തുടര്‍ന്ന് പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി കിച്ചന്‍ വഴി ആഹാരം എത്തിക്കാമെന്ന് കുളക്കട പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനല്‍കി.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കൊട്ടിയം പ്രദേശത്തെ വിവിധ ക്യാമ്പുകളിലും പരിശോധനകള്‍ നടന്നു. തൊഴിലാളികള്‍ക്ക് കൊറോണ രോഗപ്രതിരോധം സംബന്ധിച്ചും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനെക്കുറിച്ചും ബോധവത്കരണം നടത്തി. താമസിക്കുന്ന മുറികള്‍ കഴുകി വൃത്തിയാക്കുന്നതിനും നടപടി സ്വീകരിച്ചു. തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ക്യാമ്പുകളില്‍ അവശ്യത്തിന് ഭക്ഷ്യസാധനങ്ങള്‍ ഉണ്ട്.
കൊല്ലം ബീച്ച് ഹോട്ടല്‍, ഷാ ഇന്റര്‍ നാഷണല്‍, റമീസ് എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും സൗകര്യങ്ങള്‍ മാനേജുമെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഗുണ ഷേണായി കമ്പനിയുടെ ചാമക്കട, പാലത്തറ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവിലെ സൗകര്യങ്ങള്‍ ഉടമ ഉറപ്പാക്കി. മടത്തറ ചല്ലിമുക്കിലെ പോബ്‌സ് ഫാക്ടറി, കരുനാഗപ്പള്ളി പുത്തന്‍തെരുവ് ക്ലാസിക്ക് കാഷ്യൂ ഫാക്ടറി, വെസ്റ്റേണ്‍ കാഷ്യൂ ഫാക്ടറി എന്നിവയിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, ചക്കുവള്ളി, ശാസ്താംകോട്ട തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍) എ ബിന്ദു, ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ടി ആര്‍ മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

date