Skip to main content

വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ജില്ലാ ആസൂത്രണ സമിതി ചേര്‍ന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആസൂത്ര സമിതി യോഗം ചേര്‍ന്നത് വീഡിയോ കോണ്‍ഫറന്‍സ് മുഖേന. ജില്ലയിലെ 34 ഗ്രാമപഞ്ചായത്തുകളുടെയും 11 ബ്ലോക്കുകളുടെയും 46 തദ്ദേശ സ്ഥാപനങ്ങളയുടെയും 2020-21 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്‍കി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.  
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് മാര്‍ച്ച് 31 നകം പാസാക്കേണ്ടതുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ പാലിച്ച് യോഗം ചേരണമെന്ന്  പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. അവശ്യസാധനങ്ങള്‍ക്കായുള്ള കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കാം. പഞ്ചായത്തുകള്‍ ഓരോ വാര്‍ഡിലും കുടുംബശ്രീ ജാഗ്രതാ സമിതി മുഖേന ക്വാറന്റയിനിലുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ശ്രദ്ധിക്കണം. ഏപ്രില്‍ ആദ്യം മുതല്‍ റേഷന്‍ കട വഴി 15 കിലോ അരി എ പി എല്‍/ ബി പി എല്‍ വിഭാഗങ്ങള്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കണം. ഓരോ വാര്‍ഡിലും തൊഴില്‍ നഷ്ടപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്ക് ഭക്ഷണവും എത്തിക്കണം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരസ്ഥാപന ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. അതിഥി തൊഴിലാളികളുടെ എണ്ണം കണക്കാക്കി ക്യാമ്പ് ഏര്‍പ്പെടുത്തി അത്യാവശ്യ സാധനങ്ങള്‍ വിതരണം ചെയ്യണമെന്നും ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കെയര്‍ സെന്ററിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും പട്ടികവിഭാഗക്കാരുടെ സങ്കേതങ്ങളിലെ അവസ്ഥകള്‍ പരിശോധിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തദ്ദേശസ്ഥാപന പ്രതിനിധികളോട് ആവശ്യപ്പെട്ടു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. സര്‍ക്കാര്‍ പ്രതിനിധി എം വിശ്വനാഥന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date