Skip to main content
speaker1

സംവാദ സാധ്യതയുള്ള സമൂഹം ജനാധിപത്യത്തിന്റെ കരുത്ത്: സ്പീക്കര്‍

കൊച്ചി: സംവാദത്തിന് സാധ്യതയുള്ള സമൂഹമാണ് ജനാധിപത്യത്തിന്റെ കരുത്തും കാതലുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരസ്പര വിനിമയത്തിലൂടെ യോജിപ്പിലെത്താന്‍ ഇന്നുവരെ ലഭ്യമായിട്ടുള്ളതില്‍ ഉത്തമമായ മാര്‍ഗമാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.

ജനാധിപത്യമെന്നത് കേവലം വോട്ടവകാശമല്ല. എല്ലാ വ്യവഹാരകേന്ദ്രങ്ങളെയും ബാധിക്കുന്ന സര്‍വവ്യാപിയായ മൂല്യവ്യവസ്ഥയാണത്. നാടിന്റെ അന്തരീക്ഷത്തില്‍ സഹിഷ്ണുതയുടെ സന്ദേശം നല്‍കാന്‍ ജനാധിപത്യത്തിന് കഴിയും. സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് സമാധാനജീവിതത്തിന്റെ അടിത്തറ. ഇതിന്റെ നിയമപരമായ പരിരക്ഷയാണ് ഭരണഘടനയാല്‍ സ്ഥാപിതമായിരിക്കുന്ന ജനാധിപത്യത്തിന്റെ ലക്ഷ്യം. സ്വന്തം ജീവിതത്തില്‍ വിവേചനം എന്താണെന്ന് തൊട്ടറിഞ്ഞ ഡോ. ബി.ആര്‍. അംബേദ്കറുടെ ജീവിതാനുഭവങ്ങള്‍ കൂടി ഇന്ത്യയുടെ ഭരണഘടനയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

സംസ്‌കാരമെന്നത് ഏകശിലാരൂപമല്ല. അത് കലര്‍പ്പിന്റെ ഉത്സവമാണ്. ആര്‍ജിച്ചെടുത്ത വിജ്ഞാനങ്‌ളുടെ മഹാസംഭരണിയാണത്. അത്തരത്തില്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത അനുഭവങ്ങളുടെ സമാഹാരമാണ് ഇന്ത്യയെന്ന രാഷ്ട്രം. ആ രാഷ്ട്രത്തിന്റെ സംരക്ഷണമാണ് ഭരണഘടന നിര്‍വഹിക്കുന്നത്. ബഹുസ്വരതയും സഹവര്‍ത്തിത്വവും ചേര്‍ന്ന വൈവിധ്യമാണ് ജനാധിപത്യത്തെ ശ്രദ്ധേയമാക്കുന്നത്. കലാലയങ്ങളുടെ ചലനാത്മകതയും സര്‍ഗാത്മകതയും കുറക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കോടതിയുടെ നിലപാട് ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്നും സ്പീക്കര്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്. ശര്‍മ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, എ.എം. യൂസഫ്, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, ഡോ. കെ. അരുണ്‍കുമാര്‍, ഡോ. എസ്. മുരളീധരന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date