പഞ്ചായത്ത് ദിനാഘോഷം പെരിന്തല്‍മണ്ണയില്‍
2018 ഫെബ്രുവരി 17,18,19 തീയതികളില്‍ പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ പഞ്ചായത്ത് ദിനാഘോഷം നടക്കും.
ഫെബ്രുവരി 18 ന് രാവിലെ 9.45 ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. തുളസിടീച്ചര്‍ പതാക ഉയര്‍ത്തും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ മുഖ്യപ്രഭാഷണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., എം.ഐ.ഷാനവാസ് എം.പി എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മലപ്പുറം ജില്ലയിലെ നിയമസഭാംഗങ്ങള്‍, ഔദ്യോഗിക രംഗത്തെ പ്രമുഖര്‍, സംഘടനാഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.
ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ 'നവകേരളം വിവിധ മിഷനുകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഷയാവതരണം നടത്തും. മുന്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സെമിനാറില്‍ വിവിധ മിഷനുകളെ പ്രതിനിധീകരിച്ച് ഡോ. റ്റി.എന്‍. സീമ, അദീല അബ്ദുള്ള, ഡോ. സി. കെ. ജഗദീശന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ മോഡറേറ്ററായിരിക്കും.
19 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. നിയമകാര്യ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും. അഡ്വ. കെ. തുളസിടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയാവും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് മോഡറേറ്ററായിരിക്കും.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി വിതരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മഹാത്മാ ട്രോഫി വിതരണം ചെയ്ത് ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി സംസാരിക്കും. വിശിഷ്ട സേവനത്തിനുള്ള പുസ്‌കാരദാനം പി.വി. അബ്ദുല്‍ വഹാബ് എം.പിയും സമ്മാനദാനം ഒ. രാജഗോപാല്‍ എം.എല്‍.എയും നിര്‍വഹിക്കും.
18 ന് വൈകുന്നേരം ആറ് മണി മുതല്‍ കേരള കലാമണ്ഡലത്തിന്റെയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്റെയും പഞ്ചായത്ത് ജീവനക്കാരുടെയും കലാവിരുന്ന് അരങ്ങേറും.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമാപനവേദിയില്‍ സമ്മാനം വിതരണം ചെയ്യും.
പി.എന്‍.എക്‌സ്.599/18
- Log in to post comments