Skip to main content

കോവിഡ് 19 കുളത്തുപ്പുഴ ഹോട്ട്‌സ്‌പോട്ട് - തുടര്‍ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

ജില്ലയില്‍ കുളത്തുപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങള്‍ കോവിഡ് 19 ഹോട്ട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദൈനംദിന ഫീല്‍ഡ് സര്‍വൈലന്‍സ് ശക്തമാക്കുന്നതിന് തീരുമാനിച്ചു. ജില്ലാതല മേല്‍നോട്ടത്തിനായി സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ശശി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജു തോമസ് എന്നിവരെ നിയോഗിച്ചു.  ഇവര്‍ പ്രാദേശിക പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടേയും ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളുടേയും മാര്‍ഗരേഖ തയ്യാറാക്കി മുഴുവന്‍ വീടുകളും മറ്റ് താമസ  സ്ഥലങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഫീല്‍ഡ് സര്‍വ്വയിലന്‍സിന്റെ ഭാഗമായി വിവിധ ടീമുകള്‍ താഴെ പറയുന്ന നടപടികള്‍ എടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ഭവന സന്ദര്‍ശനം നടത്തി ഫ്‌ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി പനിയുള്ളവരുടെ സാമ്പിള്‍  എടുക്കും. പനി, ചുമ, ജലദോഷം, തൊണ്ടവേദന ഉള്ളവരെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ജലജന്യരോഗങ്ങളുടെ പരിശോധന ശക്തിപ്പെടുത്തും. കൊറോണ പോസിറ്റീവ് കേസുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയത് പ്രൈമറി ആരോഗ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും തുടര്‍ പരിശോധനകള്‍ക്കായി ചെക്ക് ലിസ്റ്റ് സൂക്ഷിക്കുകയും ചെയ്യും. കോണ്‍ടാക്റ്റുകള്‍ക്ക് 28 ദിവസം കൊറോണ കെയര്‍ സെന്ററുകളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. ഗൃഹനിരീക്ഷണത്തിന്റെ ഭാഗമായി സോഴ്‌സ് റിഡക്ഷന്‍, ക്ലോറിനേഷന്‍ എന്നിവ ചെയ്യും. ഒ പി യില്‍ പനിയുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. തുടര്‍ നടപടികള്‍  ഉറപ്പാക്കും. ആവശ്യമുള്ള കേസുകളില്‍ സാമ്പിള്‍ ശേഖരിക്കും. തമിഴ്‌നാട്ടില്‍ നിന്നും യാത്ര ചെയ്ത് വരുന്നവര്‍ക്ക് പ്രത്യേക സ്ഥാപനങ്ങളില്‍ ക്വാറന്റയിന്‍ നടത്തും. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലിനായി എല്ലാ ദിവസവും വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്യും.
(പി.ആര്‍.കെ. നമ്പര്‍. 1194/2020)

 

date