Skip to main content

പഴമയെ സ്മരിക്കാന്‍ കീര്‍ത്താഡ്‌സ് മ്യൂസിയം

 

        പൊന്നാനി എ.വി ഹയര്‍സെക്കന്റി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ഗദ്ദികയില്‍ പട്ടിക വിഭാഗങ്ങളുടെ സാംസ്‌കാരിക തനിമ, പാരമ്പര്യ അറിവുകള്‍, സാങ്കേതിക വിദ്യ തുടങ്ങിയവ പ്രതിഫലിപ്പുക്കുന്ന വസ്തുക്കളുടെ വന്‍ശേഖരം കീര്‍ത്താഡ്‌സിന്റെ എത്തണോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.  ഗോത്ര വിഭാഗക്കാര്‍ തീയ്യുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, മരവുരി, വേട്ട ഉപകരണങ്ങള്‍, പലതരം അച്ചുകള്‍, കെണികള്‍, ധാന്യ പാത്രങ്ങള്‍, ആഭരണങ്ങള്‍, പൊടിക്കല്ല്, വെണ്ണക്കല്ല്, തിരട, ചുരക്ക കുടുക്ക, കന്നുകാലികളുടെ കഴുത്തിലിടുന്ന മാന്‍തട്ട എന്നിവയെല്ലാം മ്യൂസിയത്തില്‍ ഉണ്ട്.  
        കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ട്രൈബ്‌സ് (കീര്‍ത്താഡ്‌സ്) സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ്.  പട്ടിക വിഭാഗങ്ങളുടെ സംസ്‌കാരം, സാമൂഹ്യ മാറ്റങ്ങള്‍, വിദ്യാഭ്യാസ പുരോഗതി എന്നിവയെ കുറിച്ച് ഗവേഷണം നടത്തുക, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് കീര്‍ത്താഡ്‌സിന്റെ പ്രധാന ലക്ഷ്യം.  ഇതിനായി ഗവേഷണ വിഭാഗം, പരിശീലന വിഭാഗം, വികസന പഠന വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.  ഗവേഷണ വിഭാഗത്തില്‍ നരവംശ ശാസ്ത്ര ഗവേഷണ വിഭാഗമാണ് പ്രധാനം.  സമുദായ നിര്‍ണ്ണയത്തിനും തര്‍ക്ക പരിഹാരത്തിനും ഒരു വിജിലന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.   പരിശീലന വിഭാഗത്തില്‍ പട്ടികജാതി വര്‍ഗ്ഗ സമുദായത്തിലെ ആരോഗ്യ - തൊഴില്‍ -കലാ-സാംസ്‌കാരിക തലങ്ങളില്‍ പരിശീലനം നല്‍കുന്നു. വികസന പഠന വിഭാഗം, പുനരധിവാസം, വികസന മിഷന്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നു.  ഗോത്ര വിഭാഗക്കാരുടെ ആചാരാനുഷ്ഠാനങ്ങളുടെ ഡോക്യുമെന്റേഷന്‍, ഗോത്ര വിഭാഗങ്ങളുടെ സ്ഥിതി വിവര കണക്കുകള്‍, പട്ടിക വിഭാഗങ്ങളുടെ ഭൂപ്രദേശങ്ങളുടെ ഭുപടം തയ്യാറാക്കല്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.  
        ഗദ്ദികയില്‍ ലൈവ്‌സ് സ്‌കെച്ച്:
        ഗദ്ദിക മേളയില്‍ എത്തുന്ന സന്ദര്‍ശകര്‍ അല്‍പസമയം ഇരുന്നു കൊടുത്താല്‍ അവരുടെ ഛായാചിത്രം റെഡി.  തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സുരേഷാണ് തല്‍സമയ ചിത്രകാരന്‍.  യേശുദാസ്, അമിതാബച്ചന്‍ തുടങ്ങിയ പ്രമുഖരുടെ ഛായാ ചിത്രങ്ങള്‍ക്ക് ജീവന്‍ തുടിക്കുന്ന പ്രതീതിയുണ്ട്.  
        ഗദ്ദികയില്‍ ഇന്ന്:
        ഗദ്ദിക ഗോത്രമേളയില്‍ ഇന്ന് (ഫെബ്രുവരി 18) ഇടുക്കി ട്രൈബല്‍ കോളനിക്കാര്‍ അവതരിപ്പിക്കുന്ന ആട്ടുപ്പാട്ട്, പാലക്കാട് ഒ.എം. പ്രസാദ് അവതരിപ്പിക്കുന്ന പൂതന്‍തിറ, എറണാകുളം പി.ടി. ദിലീപും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, പൊന്നാനി ഖവാലി ഗായക സംഘത്തിന്റെ ഖവാലി എന്നിവ അരങ്ങേറും.
        മണ്ണാന്‍ സമുദായത്തിന്റെ  ജീവതത്തേയും കാര്‍ഷിക വൃത്തിയേയും പ്രകൃതി ബന്ധത്തേയും സൂചിപ്പിക്കുന്ന നൃത്തരൂപമാണ് ആട്ട്പ്പാട്ട്.  ഒരോ വര്‍ഷവും വിളവെടുപ്പിന് ശേഷം നടത്തുന്ന ഉത്‌സവത്തോടനുബന്ധിച്ചാണ് ഇത് നടത്തുക.  ചിലപ്പധികാരത്തിലെ കണ്ണകിയുടെയും കോവലന്റെയും കഥയാണ് പ്രതിപാദ്യം.  
        മലബാറിലെ കാവുകളിലും കോട്ടയിലും നാഗപ്രീതിക്കായി നൂറും പാലും നല്‍കുന്ന ആരാധയുടെ ഭാഗമാണ് വെള്ളാട്ട്തിറ. ചെണ്ട, ഇലതാളം എന്നിവയാണ് ഇതിലെ വാദ്യോപകരണങ്ങള്‍.  
        പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ചെറുമ - പറയ-മണ്ണാന്‍ സമുദായത്തില്‍ വാമൊഴിയായി പാടി വന്നിരുന്ന പാട്ടുകളാണ് നാടന്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   പൂതന്‍തിറയില്‍ കെട്ടിയാടുന്നത് മണ്ണാന്‍ - വണ്ണാന്‍ സമുദായക്കാരാണ്.  മകര കൊയ്ത്ത് കഴിഞ്ഞ് വേലയുടെ വരവ് അറിയിക്കുന്നതാണ് ഇത്.   തുടിതാളത്തിന് അനുസരിച്ച് പൊയ്മുഖം അണിഞ്ഞാണ് പൂതം കെട്ടിയാടുന്നത്.  

 

date