കോവിഡ്-19 റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ജില്ലാ ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ്-19 റെസ്‌പോണ്‍സ് സെല്‍ ആരംഭിച്ചു. ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത് ഈ സമിതിയായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം) ഡോ.എസ് ആര്‍ ബിന്ദു ചെയര്‍പേഴ്‌സണും, മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് അരവിന്ദ് കോ ഓര്‍ഡിനേറ്ററുമാണ്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ സി അജിത് കുമാര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി സി ദീപ്തി, പറശ്ശിനിക്കടവ് എം വി ആര്‍ മെമ്മോറിയല്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എച്ച് രാഹുല്‍, എ എം എ ഐ പ്രതിനിധി ഡോ.യു പി ബിനോയ്, ഡോ.ഒ കെ നാരായണന്‍, ഡോ.പി മോഹനന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 97 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആരോഗ്യ പരിരക്ഷ(സുഖായൂഷ്യം), 60 വയസിന് താഴെ പ്രായമുള്ളവര്‍ക്കും, പൊലീസ് ഉദ്യോഗസ്ഥര്‍, എക്‌സൈസ് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിരോധ പരിപാടി (സ്വാസ്ഥ്യം) എന്നിവ ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ മുഖേന നടപ്പാക്കി വരുന്നുണ്ട്.
- Log in to post comments