Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി നീണ്ടകര ഹാര്‍ബര്‍ ആഴംകൂട്ടല്‍ (ഡ്രഡ്ജിങ്) തുടങ്ങി

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ ബേസിനില്‍ മണ്ണടിഞ്ഞ് വാര്‍ഫിന്റെ മുഴുവന്‍ നീളവും ഉപയോഗിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനിയുണ്ടാവില്ല. ഇന്നലെ(ഏപ്രില്‍ 27) ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഹാര്‍ബറിലെ ആഴംകൂട്ടുന്നതിന് മണ്ണ്‌നീക്കലിന് (ഡ്രഡ്ജിങ്) ഫ്‌ളാഗ് ഓഫ് ചെയ്തതോടെ ദീര്‍ഘ നാളത്തെ ആശങ്കയ്ക്ക് വിരാമമായി.
മന്ത്രി ഇടപെട്ട് ഡ്രഡ്ജിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി നിരന്തരം ചര്‍ച്ച നടത്തി നീണ്ടകര ഹാര്‍ബര്‍ ബേസിന്‍, ചാനല്‍, ദളവാപുരം പാലം വരെയുള്ള അപ്രോച്ച് ചാനല്‍ എന്നിവ മണ്ണ്‌നീക്കം (ഡ്രഡ്ജിങ്) ചെയ്യുന്നതിന് തീരുമാനിക്കുകയായിരുന്നു. ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പരിശോധിച്ച് അനുവദിക്കാവുന്നവ അംഗീകരിച്ച്  ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുമായി കരാറിലേര്‍പ്പെടുകയായിരുന്നു. നിലവിലെത്തിയത് കൂടാതെ ഒരു മണ്ണ് നീക്കല്‍ യന്ത്രം കൂടി (ഡ്രെഡ്ജര്‍) ഈ മാസം അവസാനത്തോടുകൂടി എത്തിച്ചേരും. ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി മണ്ണ്‌നീക്കം  നടത്തുന്നതോടെ ഹാര്‍ബര്‍ ബേസിനിലും ചാനലിലും ആവശ്യത്തിന് ആഴം ഉറപ്പാക്കാം അതുവഴി ഹാര്‍ബറിലെ വാര്‍ഫ് മുഴുവനായി ഉപയോഗിക്കുന്നതിനും കൂടുതല്‍ വള്ളങ്ങളും ബോട്ടുകളും അടുപ്പിക്കുന്നതിനും സാധിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബറിലെ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയും.
ഹാര്‍ബര്‍ ബേസിനും ചാനലും ദളവാപുരം വരെയുള്ള ചാനലും മണ്ണ്‌നീക്കുന്നതിന് അഞ്ചു കോടി രൂപയ്ക്കാണ് കരാറിലേര്‍പ്പെട്ടിട്ടുള്ളത്. 1,70,000 ഘനമീറ്റര്‍ ചെളി ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്യും. തുടര്‍ന്ന് 10 കോടി രൂപയുടെ കരാറില്‍ കൂടി ഏര്‍പ്പെടുന്നതാണ്. നീണ്ടകര ഹാര്‍ബര്‍ പ്രവര്‍ത്തനം ആരംഭിച്ച് നാല്‍പ്പതോളം വര്‍ഷമായിട്ട് ആദ്യമായാണ് ഇത്രയും അളവ് ചെളി ഒറ്റയടിക്ക് നീക്കം ചെയ്യുന്നത്. നീണ്ടകര ഹാര്‍ബറിന്റെ പൂര്‍വകാല പ്രതാപം വീണ്ടെടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളിലൊന്നാണിതെന്നും സംസ്ഥാനത്തെ എല്ലാ ഹാര്‍ബറിലും ആഴം കൂട്ടുന്നതിന്റെ തുടക്കമാണിതെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മണ്ണ്‌നീക്കം നടത്തി ബേസിന്റെയും ചാനലിന്റെയും ആഴം വര്‍ധിപ്പിക്കുന്നതിനായി വിവിധ കാലങ്ങളിലായി പല കരാറുകാരും പ്രവൃത്തി ഏറ്റെടുത്തിരുന്നുവെങ്കിലും അതെല്ലാം പൂര്‍ണമായും ഫലവത്തായിരുന്നില്ല. ഡ്രെഡ്ജിംഗ് പ്രവൃത്തി ചെയ്യുന്ന കരാറുകാര്‍ കേരളത്തില്‍ കുറവായതിനാലും നിലവിലുള്ള ഡ്രെഡ്ജിംഗ് കരാറുകാരുടെ കൈവശം വേണ്ടത്ര മെഷീനറികള്‍  ഇല്ലാത്തതിനാലും സമയാസമയങ്ങളില്‍ ഡ്രെഡ്ജിംഗ് നടക്കാതെ വരികയും ചിലത് കോടതി വ്യവഹാരങ്ങളിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി കെ അനില്‍കുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ് അനില്‍കുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലോട്ടസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭിലാഷ്പിള്ള, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷര്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 1220/2020)
 

date