Skip to main content

കോവിഡ് 19 പ്രവാസികളെ വരവേല്ക്കാന്‍ ജില്ലയില്‍ ക്രമീകരണങ്ങള്‍ ഊജിതമാക്കി

മടങ്ങിയെത്തുന്ന പ്രവാസികളെ വരവേല്ക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനും  ജില്ലയില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെയ് അഞ്ചിനകം ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലെത്തുമെന്ന് ഇന്നലെ(ഏപ്രില്‍ 28) കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി.
സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളത്തില്‍ എത്തുന്നവരെ മുന്‍കൂട്ടി നിശ്ചയിച്ച വാഹനങ്ങളില്‍ അവര്‍ക്കായി ഏര്‍പ്പെടുത്തിയ കെട്ടിടങ്ങളിലേക്ക് കൊണ്ടുപോകണം. യാത്രയ്ക്കിടയില്‍ വാഹനം നിര്‍ത്താനോ വഴിമാറി പോകാനോ അനുവദിക്കില്ല.
പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ തന്നെ അവരെ തരംതിരിച്ച് ക്രമീകരിക്കും. അതിനനുസരിച്ചാവും താമസം നിശ്ചയിക്കുക. പരാതി രഹിതമായി ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഹൗസ് ബോട്ടുകളും പ്രവാസികള്‍ക്ക് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ പാര്‍ക്കാന്‍ സൗകര്യപ്പെടുത്തും.
മടങ്ങിയെത്തുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി സ്വന്തം വീട്ടില്‍ കഴിയാന്‍ ശൗചാലയം ഉള്‍പ്പെടുന്ന മുറികള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് ഉറപ്പുവരുത്തി അതില്‍ പാര്‍ക്കാന്‍ അനുവദിക്കും. അല്ലാത്തവരെ സര്‍ക്കാര്‍ കണ്ടെത്തുന്ന കെട്ടിടങ്ങളില്‍ താമസിപ്പിക്കും. കൂടുതല്‍ മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ആവശ്യമുള്ള പ്രവാസികള്‍ക്ക് അതിന്റെ ചെലവ് വഹിക്കാന്‍ തയ്യാറെങ്കില്‍ അത്തരത്തില്‍ സൗകര്യം നല്‍കും. ഇതിനായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സമാനമായ കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് എഞ്ചിനീയര്‍മാര്‍, ആരോഗ്യ വിഭാഗം, റവന്യൂ, ടൂറിസം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി കണ്ടെത്തുന്ന കെട്ടിടങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ആര്‍ ഡി ഒ, ഡെപ്യൂട്ടി കലക്ടര്‍ തലത്തിലുള്ളവര്‍ വിലയിരുത്തി തിരഞ്ഞെടുക്കും. പൂട്ടിക്കിടക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, മതസ്ഥാപനങ്ങള്‍ നല്‍കാമെന്ന് ഏറ്റ കെട്ടിടങ്ങള്‍ എന്നിവ തിരഞ്ഞെടുക്കും. ജില്ലയിലാകെ ഏഴായിരത്തില്‍പ്പരം മുറികളാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ കെട്ടിടങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ടെത്തും.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡി എം ഒ സി.ആര്‍.ജയശങ്കര്‍ കോ-ഓര്‍ഡിനേറ്ററും സിറ്റി(ഡി സി ആര്‍ ബി) എ സി പി, റൂറല്‍ ഡി വൈ എസ് പി(ഡി സി ആര്‍ ബി) എന്നിവരും ഉള്‍പ്പെടുന്ന ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവാസികളെ നീരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സംവിധാനം ഒരുങ്ങുന്നത്.
(പി.ആര്‍.കെ. നമ്പര്‍. 1230/2020)
 

date