കോവിഡ് 19 കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചുമിടുക്കിയുടെ കൈത്താങ്ങ്
സ്വന്തം അധ്വാനത്തിലൂടെ നേടിയ തുക കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആദിത്യ ബിജു എന്ന കൊച്ചുമിടുക്കി. തുക ജില്ല ശിശുസംരക്ഷണ ഓഫീസറുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. ദേശീയ യോഗ ഒളിമ്പ്യാഡില്‍ തുടര്‍ച്ചയായി മൂന്നു തവണ പങ്കെടുത്ത ഏക മലയാളിയും ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവും കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണവും ആദിത്യ നേടിയിട്ടുണ്ട്.
കൊല്ലം ബാലികമറിയം എല്‍ പി സ്കൂള്‍, ശാരദ വിലാസിനി വായനശാല എന്നിവിടങ്ങളില്‍ യോഗ പരിശീലകയായി പ്രവര്‍ത്തിക്കുകയാണ്. അതില്‍ നിന്നും ഇതുവരെ കിട്ടിയ വരുമാനമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. കൂടാതെ മയ്യനാട് ചില്‍ഡ്രന്‍സ് ഹോം, കൊട്ടിയം വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് തന്റെ പഠനം കഴിഞ്ഞ് ഒഴിവുള്ള സമയങ്ങളില്‍ സൗജന്യമായി യോഗ പരിശീലനവും നടത്തുന്നുണ്ട്. പട്ടത്താനം വിമലഹൃദയ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തട്ടാമല ആതിരാദിത്യയില് ബിജുവിനെയും ആശയുടെയും മകളുമാണ്.
(പി.ആര്.കെ. നമ്പര്‍. 1232/2020)
- Log in to post comments