Skip to main content

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശായി കിടക്കുന്ന ഭൂമിയില്‍ പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍, വാഴ തുടങ്ങിയവ കൃഷി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  ജില്ലയിലെ കെ എം എം എല്‍, കേരളാ സെറാമിക്, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍, കായിക വകുപ്പിന്റെ ഉടമസ്ഥയിലുള്ള കോര്‍ട്ടുകളിലെ ഭൂമി തുടങ്ങിയ സ്ഥാപനങ്ങളിലാണ് കൃഷി ആരംഭിക്കുന്നത്.
കുണ്ടറ പഞ്ചായത്ത് പരിധിയില്‍ കേരളാ സെറാമിക്സിന്റെ അഞ്ച് ഏക്കര്‍ ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിനായി നിലം ഒരുക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍  കുണ്ടറ ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, തൊഴിലുറപ്പു പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ സംയുക്തമായാണ് പ്രവര്‍ത്തനം നടത്തുന്നത്. പച്ചക്കറികളായ വഴുതന, വെണ്ട, മുളക്, പയര്‍, പാവല്‍, മത്തന്‍, തക്കാളി, കിഴങ്ങു വര്‍ഗങ്ങളായ മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയവയും വാഴ, മഞ്ഞള്‍, ഇഞ്ചി എന്നിവയുമാണ് കൃഷി ചെയ്യുന്നത്.  
മറ്റു പൊതുമേഖലാ സ്ഥാപനങ്ങളായ ചവറ കെ എം എം എലിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങള്‍, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍, കായികവകുപ്പിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി തുടങ്ങിയ ഇടങ്ങളില്‍ നൂറോളം ഏക്കറില്‍ കൃഷി ആരംഭിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
(പി.ആര്‍.കെ. നമ്പര്‍. 1249/2020)
 

date