ലഹരി ഉല്‍പ്പാദനത്തിനും വിതരണത്തിനും തടയിട്ട് എക്സൈസ് 756 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു
ലോക്ക് ഡൗണ്‍ കാലത്ത് അനധികൃത ലഹരി വസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ഉദ്യോഗസ്ഥര്‍. ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രം തിരൂരങ്ങാടി സര്‍ക്കിള്‍ പരപ്പനങ്ങാടി റേഞ്ച് പരിധികളില്‍ നിന്ന് മാത്രം പിടികൂടിയത് 756 ലിറ്റര്‍ വാഷ്. അഞ്ച് ലിറ്റര്‍ ചാരായവും 17 ലിറ്റര്‍ വൈനും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സര്‍ക്കിള്‍ റേഞ്ച് പരിധികളില്‍ മാര്‍ച്ച് 21 മുതലുള്ള കാലയളവില്‍ 109 റെയ്ഡുകളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. സര്‍ക്കിള്‍ പരിധിയില്‍ മൂന്നും റേഞ്ചിന് കീഴില്‍ ആറ് അബ്കാരി കേസുകളും ഫയല്‍ ചെയ്തു. സര്‍ക്കിള്‍ റേഞ്ച് പരിധികളിലായി രണ്ടു പേര്‍ അറസ്റ്റിലായി. തിരൂരങ്ങാടി സര്‍ക്കിള്‍ മേഖലയില്‍ നിന്നായി 265 ലിറ്റര്‍ വാഷ്, അഞ്ച് ലിറ്റര്‍ ചാരായം , വാറ്റുപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. അതേ സമയം പരപ്പനങ്ങാടി റേഞ്ച് പരിധിയില്‍ നിന്ന് 491 ലിറ്റര്‍ വാഷും 17 ലിറ്റര്‍ വൈനും വാറ്റുപകരണങ്ങളും പിടികൂടി. സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ 120 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍ ജോസ്, റേഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍ നടപടികളും. സര്‍ക്കിള്‍ ഓഫീസര്‍, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, അഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍, റേഞ്ചിലെ എക്സൈസ് ഇന്‍സ്പെക്ടര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, ഏഴ് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, മൂന്ന് വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നടപടി തുടരുന്നത്.
- Log in to post comments