പെരുന്നാള്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി
പെരുന്നാളിന് നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി മാതൃകയായി. പെരുന്നാളിനായി നീക്കിവച്ച 50,000 രൂപയുടെ ചെക്കാണ് വീണാ ജോര്‍ജ് എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ട്രസ്റ്റി അഡ്വ.ബാബു ജി.കോശി ജില്ലാ കളക്ടര്‍ പി.ബി നൂഹിനു കൈമാറിയത്.
കേന്ദ്ര സര്‍ക്കാരിന്റെ സ്പിരിച്ച്വല്‍ സര്‍ക്കൂട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വരുന്ന മേയ് ഏഴ്, എട്ട് തീയതികളിലാണു പെരുന്നാള്‍ നടക്കുന്നത്. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ കണക്കിലെടുത്ത് പെരുന്നാളിനായി മാറ്റിവച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുകയായിരുന്നു. പെരുന്നാളിന് ആര്‍ഭാടം ഒഴിവാക്കിയുള്ള തുകയുടെ ആദ്യ ഗഡുവായാണ് 50,000 രൂപയുടെ ചെക്ക് കൈമാറിയതെന്നു ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഭാരവാഹികള്‍ പറഞ്ഞു. ചെക്ക് കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, പള്ളിവികാരി ഫാ.വര്‍ഗീസ് കളിയിക്കല്‍, സെക്രട്ടറി ജോയി.ടി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments