Skip to main content

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതി

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആശ്വാസമായി കുടുംബശ്രീ. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി പ്രത്യേക ഭവന പരിശീലന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകള്‍.
തെറാപ്പി ഉള്‍പ്പെടെയുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ  ഭിന്നശേഷിക്കാരായ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ഇവരെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭവന പരിശീലന പദ്ധതിയുടെ ഭാഗമായി മികച്ച കൃഷിതോട്ടം ഒരുക്കുക, കിളികള്‍ക്ക് ദാഹജലം നല്‍ക്കുക,  പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മിതികള്‍,  കളറിംങ്ങ്, ചോദ്യോത്തര മത്സരങ്ങള്‍ തുടങ്ങിയ ലോക്ക് ഡൗണ്‍ ചലഞ്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍ എല്ലാ ദിവസങ്ങളിലും വീഡിയോ കോളിലൂടെ കുട്ടികളുമായി സംസാരിച്ചാണ് അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നത്.
ബഡ്‌സ് സ്ഥാപനങ്ങളില്‍ പഠിക്കാത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, ബഡ്‌സ് സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തരം ബഡ്‌സ് സ്ഥാപനങ്ങളില്‍ പഠിക്കുന്നതും അല്ലാത്തതുമായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും മരുന്നുകള്‍, അവശ്യ സാധനങ്ങള്‍, മനശാസ്ത്ര വിദഗ്ദരുടെ കൗണ്‍സലിംങ് തുടങ്ങിയവ ലഭ്യമാക്കുന്നുണ്ട്. ജില്ലാ സമൂഹിക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ വിദഗ്ദ ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ട്.  

date