കോവിഡ് സാമ്പിള്‍ കളക്ഷന്‍ കിയോസ്‌കിന് കയ്യുറകള്‍ നിര്‍മ്മിച്ച് മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലുള്ള കോവിഡ് സാമ്പിള്‍ കളക്ഷന്‍ കിയോസ്‌കിന് പ്രത്യേകതരം കയ്യുറകള്‍ വികസിപ്പിച്ച് നിര്‍മ്മിച്ച് നല്‍കി. പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കിയോസ്‌കിന് അനുയോജ്യമായ കയ്യുറകള്‍ ലഭിക്കാത്തതിനാല്‍ അധികൃതര്‍ റബ്ബര്‍ വ്യവസായ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന സി.എഫ്.എസ്.സി യെ സമീപിക്കുകയായിരുന്നു. ഇരുപത്തിനാല് ഇഞ്ച് നീളവും ഉയര്‍ന്ന ഗുണമേന്മയും ആവശ്യമുള്ള ഗ്ലൗസുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ചുമതല സി.എഫ്.എസ്.സി ഏറ്റെടുക്കുകയും പതിനാല് ജോഡി കയ്യുറകള്‍ നിര്‍മ്മിച്ച് കൈമാറുകയും ചെയ്തു.
മറ്റ് കിയോസ്‌കുകളില്‍ നിന്ന് വ്യത്യസ്തമായി പൈപ്പ് റെഡ്യൂസര്‍ ഉപയോഗിക്കാതെ നേരിട്ട് 150 മി.മി വ്യാസമുള്ള പൈപ്പില്‍ ഈ ഗ്ലൗസുകള്‍ ഘടിപ്പിക്കാം എന്നത് സാമ്പിള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈകളുടെ ചലനങ്ങള്‍ക്ക് വളരെയേറെ സൗകര്യം നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത. റെഡ്യൂസര്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നത് സാമ്പിള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അത്യധ്വാനം ആകുന്നതിനാലാണ് പൈപ്പ് റെഡ്യൂസര്‍ ഒഴിവാക്കിയുള്ള മോഡല്‍ നിര്‍ദേശിച്ചത്. സി.എഫ്.എസ.സി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സെന്ററിലെ ഉദ്യോഗസ്ഥരായ ഇ.രാജേന്ദ്രന്‍, മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് കയ്യുറകള്‍ നിര്‍മ്മിച്ചത്. കിയോസ്‌ക് രൂപകല്‍പന ചെയ്ത പി.ഡബ്‌ള്യൂ.ഡി മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.പി സ്വരൂപ് ഗ്ലൗസ് ഡിസൈനിംഗിലും പങ്കാളിയായി.
സെന്ററില്‍ ഉത്പാദിപ്പിക്കപ്പെട്ട റബ്ബര്‍ കയ്യുറകളും ഇവ ഘടിപ്പിക്കുന്നതിനുള്ള പ്രത്യേക ഗുണനിലവാരത്തിലുള്ള ബാന്റുകളും ജില്ലാ കലക്ടര്‍ ജാഫര്‍മാലികിന് സി.എഫ്.എസ.സി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ശ്യാം കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം കോ.ഓര്‍ഡിനേറ്റര്‍ ഡോ. എ. ഷിബുലാല്‍, കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. ഷാഹുല്‍ ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉത്പന്നങ്ങള്‍ കൈമാറിയത്. മറ്റ് ജില്ലകളിലേക്കും ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേക കയ്യുറകളും അനുബന്ധ സാമഗ്രികളും സൗജന്യമായി നിര്‍മ്മിച്ച് നല്‍കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
പ്രവാസികള്‍ തിരിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റിങ്ങിനുള്ള സ്രവ സാംപിളുകളുടെ ശേഖരണവും പരിശോധനയും ത്വരിതമാക്കുന്നതിനുള്ള കിയോസ്‌കുകളുടെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു.
- Log in to post comments