Skip to main content

റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് : ജില്ലയില്‍ നടപടികള്‍ തുടങ്ങി

 

 റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ജില്ലയിലും തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു.  നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. നിലവിലുള്ള അംഗങ്ങളെ ഒഴിവാക്കി പുതിയ കാര്‍ഡുണ്ടാക്കുന്ന അപേക്ഷകള്‍ തത്ക്കാലം പരിഗണിക്കുന്നതല്ല.  റേഷന്‍ കാര്‍ഡ് ഒരു താലൂക്കില്‍ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറ്റുകയും എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം പുതിയ താലൂക്കില്‍ നിന്നും റേഷന്‍ കാര്‍ഡ് ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കും.

റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസെന്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. Civilsupplieskerala.gov.in  എന്ന വെബ്‌സൈറ്റിലുള്ള സിറ്റിസെന്‍ ലോഗിന്‍  ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ' ഭദ്രത ' കൈപ്പുസ്തകത്തില്‍  ഓണ്‍ ലൈന്‍ അപേക്ഷയുടെ നിര്‍ദേശങ്ങള്‍ ലഭിക്കും. നിലവിലെ സാഹചര്യത്തില്‍  സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റൌട്ട് താലൂക്ക് സപ്ലൈ ഓഫീസിലും ഹാജരാക്കേണ്ടതില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച് അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. അപേക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പറും പകര്‍പ്പും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും നിര്‍ദേശിക്കുന്ന സമയത്ത് അപേക്ഷകന് റേഷന്‍കാര്‍ഡ് കൈപ്പറ്റാമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date