പീച്ചി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് മേയർ സന്ദർശിച്ചു
പീച്ചിയിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ സന്ദർശിച്ചു. കഴിഞ്ഞ മൂന്ന് ദിവസം കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിൽ നിറമാറ്റം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മേയറുടെ നേതൃത്വത്തിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയത്.
62 വർഷം പഴക്കമുളള പീച്ചി ഡാം റിസർവോയറിൽ ചെളി അടഞ്ഞ് ഇരുമ്പിന്റെ അംശം ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും വേനലിൽ വെളളം കുറയുമ്പോൾ അടിത്തട്ടിലെ ഇരുമ്പിന്റെ അംശം വെളളത്തിൽ കലരുന്നതാണ് നിറം മാറ്റത്തിന് കാരണമെന്നും വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രേഷ്മ പറഞ്ഞു. പീച്ചിയിലെ 2 ട്രീറ്റ്‌മെന്റ് പ്ലാന്റുകളും വൃത്തിയാക്കുന്ന നടപടി തുടരുകയാണെന്നും തേക്കിൻകാട് മൈതാനത്തെ ടാങ്കുകൾ കൂടി വൃത്തിയാക്കുന്നതോടെ നിറമാറ്റ പ്രശ്‌നം പരിഹാരിക്കാനാവുമെന്നും അവർ പറഞ്ഞു. 36, 14.5 എംഎൽഡി പ്ലാന്റുകളാണ് പീച്ചിയിൽ വൃത്തിയാക്കുന്നത്.
ഇടയ്ക്കിടയ്ക്ക് വരുന്ന നിറമാറ്റം പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ 20 എം.എൽ.ഡിയുടെ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഫ്‌ളോട്ടിംഗ്, പമ്പിംഗ് സിസ്റ്റവും വൈകാതെ പ്രാവർത്തികമാവും. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി., സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എൽ. റോസി, ജോൺ ഡാനിയേൽ, കരോളി ജോഷ്വ, ഡി.പി.സി. അംഗം വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ എം.എസ്. സംപൂർണ, അനൂപ് കരിപ്പാൽ, കെ. മഹേഷ്, കോർപ്പറേഷൻ എഞ്ചിനീയർ സന്ദീപ്, അസി.എഞ്ചിനീയർ ജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
- Log in to post comments