അന്തിക്കാട്, ആലപ്പാട് പ്രദേശങ്ങളിലെ വീടുകൾക്ക് ഭീഷണിയായ പാലക്കഴയിലെ ചെളി ഉടൻ നീക്കും
അന്തിക്കാട് കോളിലെ വെളളം ഒഴിഞ്ഞ് പോകേണ്ട, തോടിനോട് ചേർന്ന് നിർമ്മിച്ച പാലകഴയിലെ മണ്ണും കല്ലും ക്വാറി, കെട്ടിട അവശിഷ്ടങ്ങളും നീക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കാനും കേരള ലാൻഡ് ഡവലപ്മെൻറ് കോർപറേഷനോട് (കെ എൽ ഡി സി) ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഇതോടെ കാലവർഷക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്ന നൂറുകണക്കിന് വീട്ടുകാർക്ക് ആശ്വാസമാവുകയാണ്.
പുള്ള്, ആലപ്പാട്, പുറത്തൂർ പ്രദേശങ്ങളിലെ മുഴുവൻ മഴവെള്ളവും അന്തിക്കാട് കോൾ പാടശേഖരത്തിലെത്തി കാഞ്ഞാണിയിലെ പാലക്കഴയിലൂടെ കടന്നു വേണം ഒഴുകി ഏനാമക്കൽ റെഗുലേറ്ററിലൂടെ കടലിലെത്താൻ. കൃഷി ആവശ്യങ്ങൾക്കായി കാലങ്ങളായി പാലക്കഴയിൽ മണ്ണും കല്ലും ക്വാറി, കെട്ടിട അവശിഷ്ടങ്ങളും കൊണ്ടിട്ട് അടച്ച നിലയിലാണ്. ക്യഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കഴകൾ പലകകൾ ഉപയോഗിച്ച് ആശ്യാനുസരണം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്. എന്നാൽ ഇവിടെ മണ്ണും കല്ലും അടിഞ്ഞ് കിടക്കുന്നതിനാൽ പലകകൾ ഉയർത്താൻ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ രണ്ട് പ്രളയത്തിലും ഈ മേഖലയിലെ വീടുകൾ വെള്ളത്തിലായതിന് കാരണം പാലകഴയിലെ തടസമായിരുന്നു. സുഗമമായി വെള്ളം ഒഴുകിപോകുന്നതിന് തടസങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ ശ്രമിക്കുമെന്ന് അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ പറഞ്ഞു. ത്രിതല പഞ്ചായത്ത് പ്രതിനിധികളും, പാടശേഖര സമിതി അംഗങ്ങളും ചേർന്ന് കെ എൽ ഡി സി, ജലസചന വകുപ്പ് എന്നിവയുടെ സഹായത്തോടെ മഴക്കാലത്തിന് മുൻപായി അന്തിക്കാട്, ആലപ്പാട് മേഖലയിലെ വീടുകളിൽ വെള്ളം കയറുന്നതിന് പരിഹാരം കണ്ടെത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
- Log in to post comments