Skip to main content

കരിഞ്ചാപ്പാടിയിലെ തണ്ണീര്‍ മത്തന്‍ വിശേഷങ്ങള്‍

 

റംസാന്‍ വിപണിയിലെ ഒഴിവാക്കാനാവാത്ത വിഭവമാണ് തണ്ണീര്‍ മത്തന്‍ എന്ന നമ്മുടെ വത്തക്ക. സീസണ്‍ കണ്ടറിഞ്ഞ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലോറിയില്‍ കയറിയെത്തിയ തണ്ണിമത്തനെക്കുറിച്ചേ പലര്‍ക്കും അറിവുള്ളു. എന്നാല്‍ സ്വന്തമായി പരസ്യമൊക്കെയുള്ള ഒരു ബ്രാന്റഡ് വത്തക്ക നമ്മുടെ മലപ്പുറം ജില്ലയിലുമുണ്ട്. ലോക്ഡൗണ്‍ കാലത്തും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും നേരിട്ടും വില്‍പന പൊടിപൊടിക്കുന്ന കരിഞ്ചാപ്പാടിവത്തക്ക.

കുറുവ വില്ലേജിലെ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴില്‍ കര്‍ഷകനായ അമീര്‍ബാബുവിന്റെ നേതൃത്വത്തിലാണ് കരിഞ്ചാപ്പാടിയിലെ ഈ വത്തക്ക കൃഷി. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായി പത്തേക്കറോളമുള്ള പാടത്താണ് കൃഷി. നാല് തരം വത്തക്കയും ഷമാമുമാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. അതില്‍ രണ്ടേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അനിമോള്‍ ഇനത്തില്‍പ്പെട്ട വത്തക്കയാണ് ഇത്തവണത്തെ താരം. സാധാരണ വത്തക്കയേക്കാള്‍ നാലിരട്ടി വിലയുണ്ടായിട്ടും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും ഈ മഞ്ഞക്കുഞ്ഞനെ നാട്ടുകാര്‍ സ്വന്തമാക്കാന്‍ മത്സരിക്കുകയായിരുന്നു.  ലോക്ഡൗണിലും വില്‍പന 'ഡൗണാകാതിരിക്കാന്‍' സംസ്ഥാന സര്‍ക്കാരിന്റെ ഫാര്‍മേഴ്‌സ് റീട്ടെയില്‍ ഔട്ടലെറ്റ് സംവിധാനം ഉപയോഗപ്പെടുത്താനായത് ഇവര്‍ക്ക് ഏറെ ആശ്വാസമായി. ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും ആവശ്യപ്പെടുന്നവര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്.

സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യമില്ലാതിരിക്കുന്നതിനുമായി കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ മള്‍ച്ചിംഗ് സംവിധാനമാണ് ഈ കൃഷി രീതിക്കായി ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി വേരുകളിലേക്ക് വെള്ളമെത്തിക്കുന്നതും ശാസ്ത്രീയ കൃഷിരീതികളുമാണ് കരിഞ്ചാപ്പാടിയിലെ വത്തക്കയുടെ പ്രത്യേകതയെന്ന് കൃഷി ഓഫീസര്‍ ഷുഹൈബ് തൊട്ടിയാന്‍ പറഞ്ഞു. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഇവിടുത്തെ വത്തക്ക കൃഷി. വിളവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നെല്‍കൃഷിക്കായി ഇവിടെ കളമൊരുങ്ങും. വിഷുവിന് ഏക്കറുകളോളം വെള്ളരിയും ഇവര്‍ കൃഷി ചെയ്തിരുന്നു. മറ്റ് സ്ഥലങ്ങളിലായി പച്ചമുളക്, കാരറ്റ്, തക്കാളി തുടങ്ങി കൃഷികള്‍ തുടങ്ങാനിരിക്കുകയാണ് അമീര്‍ ബാബുവും സംഘവും. തുടര്‍ന്നും കൃഷിവകുപ്പിന്റെ സഹായം അമീര്‍ബാബുവിന് ലഭ്യമാക്കുമെന്ന് കൃഷി ഓഫീസര്‍ ഷുഹൈബ് തൊട്ടിയാന്‍ പറഞ്ഞു.
 

date