Skip to main content

അഞ്ച് പേർക്ക് ചെയ്യാവുന്ന സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മേയ് നാല് മുതൽ ആരംഭിക്കാം -മന്ത്രി എ.കെ. ബാലൻ

പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മേയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അറിയിച്ചു.  ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.
ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്സിങ്ങ് എന്നീ ജോലികൾ  തിങ്കളാഴ്ച മുതൽ ആരംഭിക്കാം.
ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ച സുരക്ഷാ മാർഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കാനെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.1641/2020

 

date