Skip to main content

സൈക്കിള്‍ സ്വപ്നത്തിന് തല്‍ക്കാലം വിട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി കൊച്ചു മിടുക്കര്‍

 

നാടാകെ മഹാമാരിയെ നേരിടുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാറിനൊപ്പം നില്‍ക്കാനാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരിമ്പിളിയം നേന്ത്രത്തൊടി ശിഹാബുദ്ദീന്റെയും ഷാഹിനയുടെയും മക്കളായ ഷഹന്‍ ബിന്‍ ഷിഹാബ് (11) നും  ഷാഹിദ് സമാന്‍ (4) ഉം ഇഷ്ടം. അതിനായി ഏറെ കൊതിച്ച സൈക്കിളുകള്‍ പോലും വേണ്ടെന്നുവച്ചിരിക്കുയ്ക്കുകയാണ് ഈ കൊച്ചു മിടുക്കന്‍മാര്‍. സൈക്കിള്‍ വാങ്ങാന്‍ പിതാവ് നല്‍കിയ 8,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി കോവിഡിനെതിരായ പോരാട്ടത്തില്‍ ജില്ലയുടെ അഭിമാനമാവുകയാണ് ഈ കുരുന്നുകളും.
 
ഗള്‍ഫില്‍ നിന്നും പിതാവ് സൈക്കിള്‍ വാങ്ങാനായി അയച്ച പണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ വസതിയിലെത്തിയാണ് ഷഹന്‍ ബിന്‍ ഷിഹാബും ഷാഹിദ് സമാനും കൈമാറിയത്. കൊച്ചു സഹോദരന്മാരെ നിറഞ്ഞ സ്നേഹത്തോടെ മന്ത്രി വരവേറ്റു. കുട്ടികളടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന് കരുത്താവുന്നതെന്നും ഈ കുരുന്നുകളുടെ സമീപനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
 

date