നിർമ്മാണ സാമഗ്രികൾ പരമാവധി വില കുറച്ച് നൽകാൻ തീരുമാനം
ലോക്ക് ഡൗൺ ഇളവുകളെതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിച്ചും പരമാവധി വില കുറച്ചും ക്വാറി ഉൽപന്നങ്ങളും നിർമ്മാണസാമഗ്രികളും ലഭ്യമാക്കുന്നതിന് തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ക്വാറി ഓണേർസ് അസോസിയേഷൻ, ബിൽഡേഴ്സ് അസോസിയേഷൻ, കരാറുകാർ, ടിപ്പർ ലോറി, യാർഡ് അസോസിയേഷനുകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
ലോക്ക് ഡൗൺ സാഹചര്യം മുതലെടുത്ത് മെറ്റൽ, എം-സാന്റ്, പി-സാന്റ്, കരിങ്കല്ല് മുതലായ നിർമ്മാണ സാമഗ്രികൾക്ക് അമിതമായി വില ഈടാക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വില നിയന്ത്രിക്കുന്നതിൽ നടപടി സ്വീകരിക്കുന്നത്. ക്വാറി ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനും നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്ന ടിപ്പർ, ടോറസ് ലോറികളുടെ വാടക നിരക്ക് നിശ്ചയിക്കുന്നതിനും പ്രത്യേക സമിതിയുണ്ടാക്കും. ജിയോളജിസ്റ്റ്, ആർ.ടി.ഒ. എന്നിവർ ഉൾപ്പെട്ട സമിതിയായിരുക്കും ഇത്. മെയ് 6 നുളളിൽ കുറഞ്ഞ വിലനിലവാരപട്ടിക സമർപ്പിക്കുന്നതിന് കമ്മിറ്റിക്ക് നിർദ്ദേശം നൽകി.
നിർമ്മാണമേഖലയിലെ വാഹനവാടക സംബന്ധിച്ചും ധാരണയായി. മിനിമം വാടക എൽഎംവി വാഹനങ്ങൾ 1 യൂണിറ്റ് കയറ്റി 10 കിമീ വരെ സഞ്ചരിക്കുന്നതിന് 800 രൂപയായും ഒന്നര യൂണിറ്റ് 10 കിമീ വരെയുളളതിന് 1100 രൂപയായും 2 യൂണിറ്റ് വരെ കയറ്റാവുന്ന മീഡിയം ടിപ്പർ വാഹനങ്ങൾക്ക് 10 കിമി ദൂരം സഞ്ചരിക്കുന്നതിന് 1400 രൂപയായും 3 യൂണിറ്റ് വരെ കയറ്റാവുന്ന ഹെവി ടിപ്പർ വാഹനങ്ങൾക്ക് 10 കിമീ ദൂരം സഞ്ചരിക്കുന്നതിന് 1800 രൂപയായും നിശ്ചയിച്ചു. 1 യൂണിറ്റ് കയറ്റാവുന്ന എൽഎംവി വാഹനങ്ങൾക്ക് കിമീ 65 രൂപ നിരക്കിലും ഒന്നര യൂണിറ്റ് വരെ കയറ്റാവുന്ന എൽഎംവി വാഹനങ്ങൾക്ക് 75 രൂപ നിരക്കിലും 2 യൂണിറ്റ് വരെ കയറ്റാവുന്ന മീഡിയം വാഹനങ്ങൾക്ക് കിമി 85 രൂപ നിരക്കിലും 3 യൂണിറ്റ് വരെ കയറ്റാവുന്ന മീഡിയം വാഹനങ്ങൾക്ക് കിമീ 85 രൂപ നിരക്കിലും 3 യൂണിറ്റ് വരെ കയറ്റാവുന്ന ഹെവി ടിപ്പർ വാഹനങ്ങൾക്ക് കിമീ 95 രൂപ നിരക്കിലും ടോറസ് ടിപ്പർ വാഹനങ്ങൾക്ക് കിമീ 105 രൂപ നിരക്കിലും ഈടാക്കാൻ ധാരണയായി.
ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ ജിയോളജിസ്റ്റ് കിഷോർ, ആർ.ടി.ഒ. ഷാജി മാധവൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments