Skip to main content

പെരുവള്ളൂര്‍ സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ഇന്ന് മുതല്‍: പുരുഷ-വനിതാ വാര്‍ഡുകളിലായി 20 പേര്‍ക്ക് സൗകര്യം

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍  പെരുവള്ളൂര്‍
സി.എച്ച്.സി യില്‍ ഇന്ന് മുതല്‍ (മെയ് അഞ്ച്) കിടത്തി ചികിത്സ
ആരംഭിക്കും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്,  ദേശീയ ആരോഗ്യ ദൗത്യം
തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  കിടത്തി ചികിത്സ പുന:രാരംഭിക്കുന്നത്.
കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലാ അതിര്‍ത്തിയിലെ പാലങ്ങളും ഗ്രാമീണ
റോഡുകളും അടച്ച്  ദേശീയപാതയില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ്
പെരുവള്ളൂര്‍ സി.എച്ച്.സി യില്‍ കിടത്തി ചികിത്സ സൗകര്യമൊരുക്കാന്‍
തീരുമാനിച്ചത്. പുരുഷവനിതാ വാര്‍ഡുകളിലായി 20 പേര്‍ക്കുള്ള
കിടത്തിച്ചികിത്സ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
2015 ലാണ് പെരുവള്ളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യ
കേന്ദ്രമായി ഉയര്‍ത്തിയത്. ദിനംപ്രതി 600 മുതല്‍ 800 വരെ രോഗികള്‍ ഇവിടെ
എത്താറുണ്ട്. മൂന്നിയൂര്‍,തേഞ്ഞിപ്പലം, എ.ആര്‍.നഗര്‍,പള്ളിക്കല്‍ തുടങ്ങി
പരിസര പഞ്ചായത്തുകളില്‍ നിന്നുള്ളവരും പെരുവള്ളൂര്‍ സി.എച്ച്.സിയെയാണ്
ആശ്രയിക്കുന്നത്.
ഇന്ന് രാവിലെ 10ന്   പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ  ലളിതമായ ചടങ്ങില്‍
കിടത്തി ചികിത്സ സൗകര്യം ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി കെട്ടിടം
ജില്ലാ കലക്ടര്‍ ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന, എന്‍.എച്ച്.എം ജില്ലാ കോഡിനേറ്റര്‍
 ഡോ ഷിബുലാല്‍ എന്നിവര്‍  പങ്കെടുക്കും.
 

date