മലപ്പുറം ജില്ല നിലവില്‍ കോവിഡ് വിമുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും രോഗമുക്തരായി
വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായത് കാലടി ഒലുവഞ്ചേരി സ്വദേശിക്കും മാറഞ്ചേരി പരിച്ചകം സ്വദേശിക്കും
നിലവില്‍ ജില്ലയില്‍ രോഗബാധിതരില്ലെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍
സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ അര്‍ഹമായ ഫലപ്രാപ്തി. മലപ്പുറം ജില്ല കോവിഡ് വിമുക്തമായി. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഇനി ആരും കോവിഡ് ബാധിതരായി ചികിത്സയിലില്ല. കോവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ജില്ലയില്‍ നിലവില്‍ ആരും കോവിഡ് ബാധിതരായില്ലെന്നത് അശ്വാസകരമാണ്. എന്നാല്‍ ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ പോലീസും ദ്രുത കര്‍മ്മ സംഘങ്ങളും നിരീക്ഷണം തുടരുകയാണെന്നും
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര തിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശിയും വീട്ടിലെത്തി.
ഇരുവരും മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16 ന് ഇവരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കുകയായിരുന്നു. കാലടി സ്വദേശിയെ ഏപ്രില്‍ 23 നും മാറഞ്ചേരി സ്വദേശിയെ ഏപ്രില്‍ 26 നും 108 ആംബുലന്‍സുകളില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കാലടി സ്വദേശിയ്ക്ക് മാര്‍ച്ച് 27 നും മാറഞ്ചേരി സ്വദേശിയ്ക്ക് ഏപ്രില്‍ 30 നും രോഗബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷമാണ് ഇന്നലെ (മെയ് നാല്) ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയിടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരുക്കിയ കരുതലിന്റെ വിജയമാണിതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കോവിഡ് പ്രതിരോധത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും പൊതു ജനങ്ങളുടേയും നേട്ടമാണിത്. ജില്ലയെ കോവിഡ് വിമുക്തമാക്കാന്‍ പരിശ്രമിച്ച മുഴുവനാളുകളുടേയും സേവനങ്ങള്‍ക്ക് കലക്ടര്‍ നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ഇനി രോഗബാധയുണ്ടാകാതിരിക്കാന്‍ നിലവില്‍ തുടരുന്ന ജാഗ്രത ഇതേ ഊര്‍ജ്ജത്തോടെ സര്‍ക്കാറിനൊപ്പം നിന്ന് തുടരണമെന്നും ജില്ലാ കലക്ടര്‍ ആഹ്വാനം ചെയ്തു.
- Log in to post comments