പെരിയാര്‍ കടുവ സങ്കേതത്തില്‍ ആധുനിക സംവിധാനത്തോടെയുള്ള നിരീക്ഷണം
പെരിയാര്‍ കടുവാസങ്കേതത്തില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷം സങ്കേതത്തിന്റെ അതിര്‍ത്തി മേഖലകളില്‍ നടത്തിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി കുമാര്‍ അറിയിച്ചു. ജില്ലയെ റെഡ്സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലും അതിര്‍ത്തി ജില്ലയായ തേനിയിലെ അപകടകരമായ കോവിഡ് വ്യാപനവും മുന്‍നിര്‍ത്തി രാത്രിയും പകലും പ്രത്യേക നിരീക്ഷണങ്ങള്‍ക്ക് പുറമെ ഡ്രോണ്‍, ക്യാമറ ട്രാപ്പ് തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് പഴുതുകള്‍ അടച്ചുള്ള നിരീക്ഷണങ്ങളാണ് നടത്തുന്നത്.
അയല്‍ജില്ലയായ തേനിയില്‍ നിന്നും തേക്കടി വനമേഖലകളിലൂടെയുള്ള കടന്നുകയറ്റം കണ്ടെത്തുകയും അവരെ പോലീസിന് കൈമാറുകയും ചെയ്തു. വനമേഖലകളിലൂടെയുള്ള കടന്നുകയറ്റം കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നുള്ളതിനാലാണ് ആധുനിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാന അതിര്‍ത്തിയിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ റോസാപ്പൂക്കണ്ടം മുതല്‍ മംഗളാദേവി വരെയുള്ള 7 കിലോമീറ്റര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന കൊക്കരക്കണ്ടം, വട്ടക്കണ്ടം, ഏലക്കാട്, ബ്രാണ്ടിപ്പാറ, മംഗളാദേവി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നടത്തിയത്.
വിദേശരാജ്യങ്ങളില്‍ വന്യജീവികളിലേക്ക് കോവിഡ് വൈറസ് പടര്‍ന്ന സാഹചര്യം കണക്കിലെടുത്താണ് ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഊര്‍ജ്ജിതപ്പെടുത്തിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി കുമാര്‍, അസി. ഫീല്‍ഡ് ഡയറക്ടര്‍ വിപിന്‍ദാസ് പി.കെ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അനുരാജ് ബി.ആര് എന്നിവര്‍ അടങ്ങിയ ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
- Log in to post comments