പുനരുപയോഗ മാസ്കുകള്‍ നല്കാന് കുടുംബശ്രീ യൂണിറ്റുകള്‍
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്ത്വത്തില്‍ പുനരുപയോഗിക്കാവുന്ന മാസ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലെയും മുഴുവന്‍ അംഗങ്ങള്‍ക്കും മാസ്ക് നല്‍കുക എന്നതാണ് ഉദ്ദേശം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടിന് പുറത്തിറങ്ങുന്ന മുഴുവന്‍ ആളുകളും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും റീയൂസബിള്‍ തുണിമാസ്കുകള് നിര്‍മ്മിച്ച് വീടുകളിലെത്തിച്ച് നല്കുവാന് കുടുംബശ്രീ തീരുമാനിച്ചത്. പഞ്ചായത്തിലെ എല്ലാവര്‍ക്കുമായി ഏകദേശം 25000 ത്തോളം മാസ്കുകള്‍ ഇതിന് ആവശ്യമുണ്ട്. 3000 ത്തോളം മാസ്കുകള്‍ ഇതിനോടകം നിര്‍മ്മിച്ചു കഴിഞ്ഞു. എവര്‍ഷൈന്‍ കുടുംബശ്രീ യൂണിറ്റിനാണ് മാസ്ക്ക് നിര്‍മാണത്തിന്റെ ചുമതല. പന്നിമറ്റത്തുള്ള കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ തുണികള്‍ കട്ട് ചെയ്തതിനു ശേഷം പഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും കുടുംബശ്രീ യൂണിറ്റുകളില്‍ എത്തിച്ചു കൊടുത്ത് ഓരോ യൂണിറ്റില്‍ നിന്ന് തയ്ച്ച ശേഷം അവ ശേഖരിച്ചു വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചു നൂറു ശതമാനം കോട്ടണ്‍ തുണിയില്‍ ഡബിള്‍ ലയര്‍ മാസ്കാണ് നിമ്മിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഇത് വീണ്ടും കഴുകി ഉപയോഗിക്കാം. പഞ്ചായത്ത് പദ്ധതി തുകയില്‍ നിന്നും മൂന്നു ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്തു തുടങ്ങുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ഷമീന അബ്ദുള്‍ കരിം, അഞ്ജു വിജീഷ് തുടങ്ങിയവര്‍ മാസ്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
- Log in to post comments