Skip to main content

കോവിഡ് 19 ജില്ലയിലേക്കുള്ള പാസ്: ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കി

ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നും ലഭിക്കുന്ന പാസ്സിനായുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള  ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കലക്ടര്‍ ബി അബ്ുദല്‍ നാസര്‍ അറിയിച്ചു.  ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളെ കലക്‌ട്രേറ്റിലെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ നിയോഗിച്ചു.
 ജില്ലയിലേക്ക് പ്രവേശിച്ച് വിവിധ ക്വാറന്റയിന്‍ സെന്ററുകളിലേക്കും ഗൃഹ നിരീക്ഷണത്തിനുമായി അയക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും ലഭ്യമാകുന്നതിനും ആളുകള്‍ ക്വാറന്റയിന്‍ സെന്ററുകളില്‍ പ്രവേശിച്ചുവെന്ന് ഉറപ്പാക്കാനുമാണ് ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കിയത്.
 കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിന്നും ഗൃഹനിരീക്ഷണത്തിനും ക്വാറന്റയിന്‍ സെന്ററുകളിലേക്കും അയക്കുന്ന ആള്‍ക്കാരുടെ വിവരങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പോര്‍ട്ടല്‍ 24 മണിക്കൂറും പരിശോധിച്ച് തത്സമയം ഉദ്യോഗസ്ഥരെ അറിയിക്കും.
 വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിര്‍ബന്ധമായും ഫോണില്‍ ബന്ധപ്പെട്ട് അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ക്കായി  ആരോഗ്യവകുപ്പിന്റെ നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അജിത്ത്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിജേഷ് എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍.
ചെക്ക് പോസ്റ്റില്‍ നിന്നും എക്‌സിറ്റ് പാസ് ലഭിക്കുന്നവര്‍ക്ക് അവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവരുടെ ഫോണ്‍ നമ്പര്‍  ലഭ്യമാക്കും.  അതോടൊപ്പം ഏതു സമയത്തും സംശയദുരീകരണത്തിനായി അവര്‍ക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0474 2797609/8589015556 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതുമാണ്.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ താലൂക്കുകളിലെ പ്രവാസി വെല്‍ഫെയര്‍ സെന്ററുകളില്‍ പ്രവേശനം പൂര്‍ത്തിയാകുന്ന മുറക്ക് അടുത്ത സെന്ററുകള്‍ അനുവദിക്കേണ്ട ചുമതല ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ആണ്.
     ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ വിവരങ്ങള്‍ അതത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഉടനടി നല്‍കും.
ഓരോ പ്രവാസി വെല്‍ഫെയര്‍ സെന്ററുകളും തുറക്കുന്ന മുറക്ക് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആവശ്യമായ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കും.  നിലവില്‍ പോര്‍ട്ടല്‍ പരിശോധിച്ച് നിരീക്ഷണത്തിനായി അയക്കുന്നവരുടെ വിവരങ്ങള്‍ എസ് എം എസ് സംവിധാനം വഴി ബന്ധപ്പെട്ടവരെ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ അറിയിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1339/2020)
 

date