കോവിഡ് 19 ഗൃഹ നിരീക്ഷണം ഇനി മുറിയിലെ നിരീക്ഷണമാകണം - മന്ത്രി മേഴ്സിക്കുട്ടിയമ്മ
ജില്ലയിലെത്തുന്ന പ്രവാസികളില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ ഇനിമുതല്‍ മുറിനിരീക്ഷണത്തിലേക്കു മാറണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലുള്ളവരും വീടുകളിലേക്ക് എത്തുമ്പോള്‍ മുറിയില്‍ നിരീക്ഷണത്തിലാവണം. ഒരു ഗൃഹത്തിലുള്ളവരാകെ നിരീക്ഷണത്തില്‍ പോകാതെ പ്രവാസികളായെത്തുന്നവര്‍ മാത്രം മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാതെ മുറിയില്‍ സുരക്ഷിതരായി പാര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സുഭിക്ഷകേരളം പദ്ധതി ജില്ലയില്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ ഏവരും ശ്രമിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധം, സുഭിക്ഷ കേരളം എന്നിവ സംബന്ധിച്ച് തദ്ദേശ സ്ഥാപന പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു മന്ത്രി. കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധമണി, സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സമ്പര്‍ക്കം മൂലം ആര്‍ക്കും രോഗം ഉണ്ടാകുന്ന സ്ഥിതിയുണ്ടാവരുത്. റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളും പൊലീസും ജനപ്രതിനിധികളും സഹകരിച്ചു പ്രവാസികളുടെ താമസവും നിരീക്ഷണവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ഒരു മഹാമാരിയെ പ്രതിരോധിക്കുന്ന ശ്രമത്തിലാണ്. ചില അസൗകര്യങ്ങള്‍ അനുഭവപ്പെട്ടാലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവ പര്‍വതീകരിച്ചു പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മനസ് മടുപ്പിക്കരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരെ വിവരം ധരിപ്പിക്കണം. ലോകം സഹനത്തിന്റെ പാതയിലാണ്. ചുമതലപ്പെട്ടവര്‍ ശ്രദ്ധയോടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
വെല്ലുവിളികളെ അവസരങ്ങളായി കണ്ടു നാട് സ്തംഭിക്കാതിരിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണം. മുഖ്യമന്ത്രി നിര്‍ദേശിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ യുവജന പങ്കാളിത്തം ഉറപ്പാക്കണം. ലഭ്യമായ തരിശു ഭൂമിയിലെല്ലാം കൃഷിചെയ്യണം. മത്സ്യ, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ പഞ്ചായത്തു തലത്തില്‍ യോജിപ്പിച്ചു പ്രവര്‍ത്തിക്കണം. മെയ് മൂന്നാമത്തെ ആഴ്ചയോടെ ജില്ലാതലത്തില്‍ പദ്ധതി സംബന്ധിച്ച് രൂപരേഖയാവണം. ആരുടേയും ഭൂമി കൃഷിക്കായി ബലത്തില്‍ പിടിച്ചെടുക്കരുത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമവായത്തോടെ കൃഷി ഭൂമി കണ്ടെത്താവുന്നതേയുള്ളു. ജനകീയാസൂത്രണ മാതൃകയില്‍ വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ഗ്രാമതലത്തില്‍ വിദഗ്ധ സമിതി രൂപികരിച്ചു പ്രവര്‍ത്തിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു.
പദ്ധതി വകുപ്പുതല പദ്ധതി മാത്രമാവരുതെന്നും, ജനകീയ ഹോട്ടല്‍ മാതൃകയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണം, കുടുംബശ്രീ മുഖേന കാര്‍ഷിക ഉപകരണങ്ങള്‍ വാടകക്ക് നല്‍കുന്നത് പരിഗണിക്കണം, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും മുന്നോട്ടുവച്ചു. ഇവ പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.
നിരീക്ഷണ കേന്ദ്രങ്ങളില്‍ അനുവദനീയമായവ, അരുതാത്തവ വിവരങ്ങള്‍ പോസ്റ്ററായി പതിപ്പിക്കണമെന്നും സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനുമതിക്കായി ലഭിക്കുമ്പോള്‍ ആസൂത്രണ സമിതിയില്‍ അതീവ പ്രാധാന്യം നല്‍കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ആര്‍ ഡി ഒ എം.എ.റഹിം, ഡി എം ഒ ഡോ.ആര്‍.ശ്രീലത എന്നിവര്‍ കലക്‌ട്രേറ്റിലും ഗ്രാമപഞ്ചായത്ത് പ്രഡിഡന്റുമാരും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 1348/2020)
- Log in to post comments