Skip to main content

എല്ലാ നിബന്ധനകളും  പാലിച്ച് യാത്രയയപ്പ്

 

ആലപ്പുഴ: ബീഹാറിലേക്കുള്ള മൂന്നാമത്തെ  ട്രയിന്‍ ജില്ലയിലെ രണ്ടു താലൂക്കുകളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുമായി പുറപ്പെട്ടത് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടാണ്. ഇവരുടെ കൈവശം വയ്‌ക്കേണ്ട രേഖകളെല്ലാം നേരത്തെ തന്നെ സര്‍ക്കാര്‍ കൈമാറിയിരുന്നു. മടങ്ങി പോകുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക നേരത്തെ തന്നെ പൊലീസും ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് ഇവരുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ഓഫീസര്‍മാര്‍ വിലയിരുത്തി. ട്രയിന്‍ ഉറപ്പായതോടെ നേരത്തെതന്നെ  യാത്രയ്ക്ക് തയ്യാറെടുക്കാനുള്ള നിര്‍ദ്ദേശം നല്‍കി. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ ഇവര്‍ക്കായി കെഎസ്ആര്‍ടിസി ബസ് ഒരുക്കി നിര്‍ത്തി. ലിസ്റ്റുനോക്കിയാണ് അതിഥി തൊഴിലാളികളെ കോച്ച് അടിസ്ഥാനത്തില്‍ ഓരോ ബസ്സിലും കയറ്റിയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഓരോ ബസ്സിലും അതിഥി തൊഴിലാളികളെ അനുഗമിച്ചു. കൃത്യമായ അകലം പാലിച്ചുകൊണ്ട് ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് ഇവരെ ഇരുത്തിയത്. കാര്‍ത്തികപ്പള്ളിയില്‍  നിന്ന് 14 ബസ്സ്, മാവേലിക്കര നിന്ന് 32 ബസ്സ് എന്ന നിലയിലാണ് അതിഥി തൊഴിലാളികളെ എത്തിച്ചത്. 
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസ്സില്‍ വച്ചുതന്നെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. ഈ ബസുകള്‍ നിശ്ചിത ഇടവേളകളില്‍ ബൈപാസിനു സമീപം പാര്‍ക്ക് ചെയ്യുകയും റെയില്‍വേ സ്റ്റേഷനു മുന്‍വശം പ്രത്യേകം തയ്യാറാക്കിയ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് വിളിക്കുന്ന മുറയ്ക്ക് ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്തു. 
റെയില്‍വേ സ്റ്റേഷനു മുന്നില്‍ രണ്ട് കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. ഓരോ ബസ്സില്‍ നിന്ന് ഇറങ്ങുന്ന ആളുകളുടെ പട്ടികയുമായി ബന്ധപ്പെട്ട റെവന്യൂ ഉദ്യോഗസ്ഥന്‍ കൗണ്ടറുകളെ സമീപിക്കുകയും ഇവര്‍ക്കായുള്ള ടിക്കറ്റ് വാങ്ങുകയും ചെയ്തു.
പിന്നീട് തൊഴിലാളികളെ എണ്ണി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ട്രയിനില്‍ ഇരിപ്പിടങ്ങളില്‍ എത്തിക്കുകയും ചെയ്തുു. തുടര്‍ന്ന് കൂടെ അനുഗമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കി. ഇതുവഴി തിക്കുംതിരക്കും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുും ജി.ആര്‍.എഫും അനുഗമിക്കുന്നുണ്ട്.
ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ്, ആര്‍ഡിഒ മാരായ ഉഷാകുമാരി, എസ്  സന്തോഷ്‌കുമാര്‍ , ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.

date