കോവിഡ് പ്രതിരോധം ശക്തമാക്കി വാര്‍ഡുതല സമിതികള്‍
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികളായ മലയാളികള്‍ തിരികെയെത്തുന്ന പശ്ചാത്തലത്തില്‍കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വാര്‍ഡുതല സമിതികള്‍. കോവിഡ് 19 രോഗപ്രതിരോധത്തില്‍ ഏറ്റവും ഫലപ്രദമായ ഗൃഹനിരീക്ഷണ സംവിധാനം കുറ്റമറ്റ രീതിയില്‍ ജില്ലയില്‍ നടപ്പാക്കുന്നതിന് വാര്‍ഡ്തല നീരീക്ഷണ സമിതികള്‍ പ്രഥമ പരിഗണന നല്‍കുന്നു. പൊതു സമ്പര്‍ക്കം ഒഴിവാക്കി ഒരു മുറിക്കുള്ളില്‍ കഴിയുന്നതിനുള്ള സൗകര്യം വീട്ടില്‍ ഉണ്ടെന്നുറപ്പാക്കുന്നത് മുതല്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കുന്നതുവരെ ഇവരുടെ സേവനം തുടരും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്കും ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു തുടങ്ങിയതോടെ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്‍കി.
രാവിലെ മുതല്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് ഇവര്‍ വിവരശേഖരണം നടത്തുന്നത്. കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ താമസിക്കുന്നവരെയും ബോധവത്കരിക്കുക, ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും അവശ്യ സേവനങ്ങളും ലഭ്യമാക്കുക, എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില വിലയിരുത്തി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരം നല്‍കുക തുടങ്ങി സുപ്രധാന ചുമതലകളാണ് സമിതി നിര്‍വഹിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ആശാ വര്‍ക്കര്‍, അങ്കണവാടി അധ്യാപിക, ജനമൈത്രി പൊലീസ് പ്രതിനിധി, കുടുംബശ്രീ പ്രവര്‍ത്തക, റസിഡന്റ്‌സ് അസോസിയേഷന്റെയോ പ്രദേശവാസികളുടെയോ പ്രതിനിധി, പ്രദേശത്തെ സാമൂഹ്യസേവന സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നിവരാണ് അംഗങ്ങള്‍.
വീടുകളില്‍ ക്വാറന്റയിനില്‍ കഴിയാന്‍ മതിയായ സൗകര്യമില്ലെന്ന് സമിതിക്ക് ബോധ്യപ്പെട്ടാല്‍ നിരീക്ഷണ കേന്ദ്രത്തില്‍ സൗകര്യമൊരുക്കുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കും. ക്വാറന്റയിനില്‍ കഴിയുന്നവരെയോ കുടുംബാംഗങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നിയമ നടപടി ശുപാര്‍ശ ചെയ്യാനും കഴിയും. 1,129 ടീമുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്. മൊത്തം 2,734 പേര്‍ അടങ്ങിയ വിവിധ സംഘങ്ങള്‍ 8,935 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും ക്വാറന്റയിനിലുള്ള 1,245 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്‍കി.
(പി.ആര്‍.കെ. നമ്പര്‍. 1370/2020)
- Log in to post comments