Skip to main content

സുഭിക്ഷ കേരളം പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇന്ന്(മെയ് 15) ആരംഭിക്കും

കോവിഡ് അനന്തര കാലത്ത് കാര്‍ഷിക മേഖലയിലൂടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനായി ജില്ലയില്‍ തീവ്രയജ്ഞ പരിപാടിക്ക് ഇന്ന്(മെയ് 15) തുടക്കം. ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 1,210 ഹെക്ടര്‍ തരിശ് ഭൂമിയില്‍ സംയോജിത കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍വഹണ ഉദ്യോഗസ്ഥരായും ത്രിതല പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടും അനുബന്ധ മേഖലകളുടെ പദ്ധതികള്‍ ചേര്‍ത്തുകൊണ്ടുമാവും പദ്ധതി നടപ്പാക്കുക.  ഇതിനായി പഞ്ചയത്തുതല പദ്ധതികള്‍ പുനക്രമീകരിച്ച് പദ്ധതികള്‍ രൂപീകരിക്കും. ജില്ലയില്‍ സമ്പൂര്‍ണ കാര്‍ഷിക സ്വയം പര്യാപ്തത സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രവര്‍ത്തനങ്ങളുടെ പ്രാരംഭമായി ജില്ലയിലെ എല്ലാ തരിശുഭൂമികളെ സംബന്ധിച്ചും വ്യക്തമായ പഠനം നടത്തി മുഴുവന്‍ തരിശുഭൂമിയിലും അനുയോജ്യമായ വിളവിന്യാസം നടത്തും.  നിലവിലുളള കൃഷിയിടങ്ങള്‍ക്ക് പുറമെ തരിശുഭൂമി തിട്ടപ്പെടുത്തിയതും കൂട്ടിച്ചേര്‍ത്ത് മൊത്തത്തില്‍ വിവിധ വിളകളുടെ വിന്യാസം സാധ്യമാക്കാനുമാണ് ശ്രമം.
ഇതിനായി വാര്‍ഡുതലത്തിലും പഞ്ചായത്തുതലത്തിലും സമിതികള്‍ രൂപീകരിച്ചു വരുന്നു. ഓരോ പഞ്ചായത്തിലും/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷുകളില്‍ തിട്ടപ്പെടുത്തിയിട്ടുളള തരിശ് ഭൂമികളില്‍ ഏത് തരത്തിലുളള കൃഷിയാണ് അനുയോജ്യമെന്ന് കണ്ടെത്തി ധാരണയാക്കുകയും ലഭ്യമായ തരിശുഭൂമികള്‍ തരംതിരിക്കുകയും ചെയ്യും.  ഭൂവുടമകള്‍ തന്നെ കൃഷി ചെയ്യുന്നവ, പാട്ടത്തിന് കൃഷി ചെയ്യുന്നവ, സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ  ഗ്രൂപ്പുകള്‍, യുവജന സംഘടനകള്‍, കേരളത്തിലേക്ക് എത്തിച്ചേരുന്ന പ്രവാസികള്‍, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ എന്നിങ്ങനെ തരംതിരിക്കും.
തരിശ് ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ തത്പരരായിവരുന്ന മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ കൃഷി ഓഫീസുകളിലൂടെ നല്‍കും. ഉത്പാദനോപാധികള്‍, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷികയന്ത്രങ്ങള്‍, സാങ്കേതിക സഹായം എന്നിവ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ പ്രാദേശികമായി ലഭ്യമാക്കുവാന്‍ സാധിക്കുന്ന ഉത്പാദനോപാധികള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
പ്രാദേശികമായി കര്‍ഷക കൂട്ടായ്മയിലൂടെ പഞ്ചായത്ത് തലത്തില്‍ കൃഷിപ്പണികള്‍ ചെയ്തുവരുന്ന കര്‍ഷക തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിച്ച് പഞ്ചായത്ത് പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ യഥാസമയം കര്‍ഷകര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുവാനുളള ഇടപെടലുകളും നടത്തും.
പഞ്ചായത്ത് തലത്തില്‍ നിലവില്‍ ലഭ്യമാകുന്ന കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഏകീകൃത കൂലി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കൂടെ ഇടപെടലുകള്‍ വരുത്തി നടപടികള്‍ കൈക്കൊളളും.
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്നുളളൂ എന്നതിനാല്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പരമാവധി ഉപയോഗിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖരസമിതി ഭാരവാഹികള്‍, പച്ചക്കറി ക്ലസ്റ്റര്‍ പ്രതിനിധികള്‍, വിവിധ കര്‍ഷക ഗ്രൂപ്പ് പ്രതിനിധികള്‍, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍, പ്രാദേശിക ഭരണകൂടം തുടങ്ങി എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് മാത്സര്യ ബുദ്ധിയോടെ സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ സംഭരണ-വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നൂതന വിവര സാങ്കേതിക വിദ്യയും ഇതിനായി ഉപയോഗപ്പെടുത്തും.
കര്‍ഷകസഭ, കൃഷി പാഠശാല, ഞാറ്റുവേലചന്ത എന്നിവ ഊര്‍ജിതപ്പെടുത്തും. തരിശുനില കൃഷിക്ക് എം എന്‍ ആര്‍ ഇ ജി എസി ന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും ഏകോപനം ഉറപ്പാക്കി പാടങ്ങളില്‍ വൈവിധ്യമായ കൃഷിചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1378/2020)

 

date