ഈ വീട് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്- പോസ്റ്റര്‍ പ്രകാശനം ചെയ്തു
വിദേശ നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ പതിക്കുന്നതിനുള്ള പോസ്റ്റര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടി ജെ അരുണിന് നല്‍കി പ്രകാശനം ചെയ്തു. വീടുകളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് ജില്ലയില്‍ നടപ്പിലാക്കുന്ന ലോക്ക് ദി ഹോം പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയെന്നത് അനിവാര്യമാണ്. ജില്ലയിലെത്തുന്ന ഓരോരുത്തരും തന്റെയും കുടുംബത്തിന്റെയും നാടിന്റെയും സുരക്ഷയോര്‍ത്ത് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാവണം. ഇത് ഉറപ്പുവരുത്തുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വീട് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റര്‍ ഇന്നു മുതല്‍ ബന്ധപ്പെട്ട വീടുകളില്‍ പതിച്ചുതുടങ്ങും.
പോസ്റ്റര്‍ പ്രകാശനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കോര്‍പറേഷന്‍ സെക്രട്ടറി ഡി സാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments