Skip to main content

കണ്ണൂര്‍ അറിയപ്പുകള്‍

അതിഥി തൊഴിലാളികള്‍ക്കും റേഷന്‍ ലഭിക്കും

ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ( ഐഎംപിഡിഎസ്) പ്രകാരം ജില്ലയിലെ ഏത് റേഷന്‍ കടകളില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാം.  17 സംസ്ഥാനങ്ങളിലെ റേഷന്‍ ഉപഭോക്താക്കള്‍ക്കാണ് കേരളത്തില്‍ നിന്നും റേഷന്‍ ലഭ്യമാവുക.

പിഎംജികെവൈ പദ്ധതി പ്രകാരം അനുവദിച്ച പയര്‍ വര്‍ഗത്തിന്റെ (എഎവൈ/ പിഎച്ച്എച്ച് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രം) ഏപ്രില്‍ മാസത്തെ വിഹിതം റേഷന്‍ കടകളില്‍ നിന്നും മെയ് 15നകവും മെയ് മാസത്തെ റേഷന്‍ വിഹിതം മെയ് 20 നുള്ളിലും കാര്‍ഡുടമകള്‍ വാങ്ങേണ്ടതാണ്.

റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കിലെ ഉളിക്കലില്‍ പ്രവര്‍ത്തിക്കുന്ന 113-ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.  റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വായ്പ തിരിച്ചടയ്ക്കാം. സ്റ്റേറ്റ് ബാങ്കിന്റെ SBI collect വഴിയാണ് തിരിച്ചടവിന് സംവിധാനം ഒരുക്കിയത്.  ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, NEFT/RTGS,UPI (Bhim,Google Pay,Phone Pay, Paytm, MobiKwik മുതലായവ) എന്നിവയിലൂടെയും പണം തിരിച്ചടയ്ക്കാം. UPI/ Rupay Debit എന്നിവ മുഖേനയുളള തിരിച്ചടവിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതല്ല.

ഇതിന് പുറമെ കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകള്‍ മുഖേനയും എസ്ബിഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കും.   https://bit.ly/3aYQrKO എന്ന ലിങ്ക് മുഖേനയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ തിരിച്ചടവ് നടത്താം. വിശദമായ മാര്‍ഗ നിര്‍ദ്ദേശം, തിരിച്ചടവ് ലിങ്ക് എന്നിവയ്ക്ക് കോര്‍പ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴിലുള്ള കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി, കേരള പാചക തൊഴിലാളി, കേരള ക്ഷേത്ര ജീവനക്കാര്‍ എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 1000 രൂപ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.   പദ്ധതിയുടെ അംഗത്വ കാര്‍ഡ്, പദ്ധതിയുടെ പാസ് ബുക്ക്, ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക് ( ഐഎഫ്എസ് കോഡ് സഹിതം), ആധാര്‍ കാര്‍ഡ്, അവസാന അംശാധായം ഒടുക്കിയ രസീത് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പറും, മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവന എന്നിവ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി മെയ് 31നകം നേരിട്ടോ, knrksuwssb2020@gmail.com എന്ന ഇമെയിലിലോ തപാലിലോ അയക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:  8281602701,8129189690

ഉണര്‍വ് സിനിമാ ഗാനാലാപന മത്സരം

കൗമാരക്കാരായ കുട്ടികള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഉണര്‍വ്വ്' ഓണ്‍ലൈന്‍ സിനിമാഗാനാലാപന മത്സരം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആര്‍ കലാമയി ഒന്നാം സ്ഥാനം നേടി.

കൊറോണ കെയര്‍ സെന്ററിലേക്ക് അവശ്യവസ്തുക്കള്‍ നല്‍കി

വിദേശത്തുനിന്നും എത്തുന്നവര്‍ക്കായി ഒരുക്കിയ കൊറോണ കെയര്‍ സെന്ററുകളിലേക്ക്  ബെഡ്ഷീറ്റ്, പില്ലോ കവര്‍, ബക്കറ്റ്, കപ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിച്ച് കണ്ണൂര്‍ രൂപത ബിഷപ്പ് ഹൗസ്.  ഫാ. ജോര്‍ജ് പൈനാടത്തില്‍ നിന്നും എഡിഎം ഇ പി മേഴ്‌സി സാധനങ്ങള്‍ ഏറ്റുവാങ്ങി. ഫാ. ജോസഫ് ഡിക്രൂസ്, ഡോ. എന്‍ ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. 

date