തലശ്ശേരി ജനറല്‍ ആശുപത്രിയിലും കോവിഡ് ചികിത്സയ്ക്ക് ഇനി റോബോട്ട്
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി റോബോട്ടിന്റെ സഹായവും.
രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനും സഹായകമായ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ എസ് പി ജി എച്ച് യദീഷ് ചന്ദ്ര നിര്‍വ്വഹിച്ചു. വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ റോബോട്ടിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ചികില്‍സാ സഹായിയുടെ സേവനം മുമ്പ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും ലഭ്യമാക്കിയിരുന്നു.
രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാമെന്നതിനേക്കാള്‍ പിപിഇ കിറ്റില്ലാതെ വീഡിയോ കോള്‍ വഴി പരസ്പരം കണ്ട് സംസാരിക്കാന്‍ ഇത് സഹായിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. മാത്രമല്ല, രോഗികളുടെ ചെറിയ ആവശ്യങ്ങള്‍ക്കായി പിപിഇ കിറ്റ് ധരിച്ച് പോകുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. അതേസമയം, പരിശോധനയുടെ ഭാഗമായുള്ള സന്ദര്‍ശനം തുടരും.
ലോക്‌ഡോണ്‍ കാലമായതിനാല്‍ തന്നെ റോബോട്ട് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുക എന്നുള്ളത് വലിയ വെല്ലുവിളിയായിരുന്നു. എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിക്കേണ്ട സാധനങ്ങള്‍ തലശ്ശേരി എം എല്‍ എ അഡ്വ. എ എന്‍ ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്ന് തലശ്ശേരിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും തലശ്ശേരി പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും സഹായത്തോടെയാണ് സാധനങ്ങള്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് എത്തിച്ചത്. ഈ കോവിഡ് കാലത്ത് ഏറെ അഭിമാന നിമിഷങ്ങള്‍ സൃഷ്ടിച്ച തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ റോബോട്ടിക് സംവിധാനം കൂടി നിലവില്‍ വന്നതോടെ ഒരു സുവര്‍ണ്ണ നിമിഷം കൂടി കൈവന്നിരിക്കുകയാണ്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ, ബിഷപ്പ് ജോസഫ് പാബ്ലാനി, ജോര്‍ജ് ഞെരളക്കാട്, തലശ്ശരി ഗവണ്മെന്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട്, ആര്‍ എം ഒ ജിതിന്‍, ഡോ. അജിത്, ഡോ. വിജുമോന്‍, സി ഐ സനല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വല്‍സതിലകന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments