കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ഥിനി
കുടുക്കയില്‍ സൂക്ഷിച്ചിരുന്ന തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒമ്പതാം ക്ലാസ്സുകാരി. ചെറ്റക്കണ്ടി മീത്തലെപറമ്പത്ത് ഹരിദാസ്- സജിത ദമ്പതികളുടെ മകളായ കീര്‍ത്തനയാണ് വിഷുവിന് പടക്കം വാങ്ങാന്‍ സ്വരുക്കൂട്ടിയ കുടുക്കയിലെ പണം കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കോവിഡ് 19 ലോക് ഡൗണ്‍ മൂലം വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും അഗ്നിരക്ഷാസേനയുടെയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്ന വേളയിലാണ് മീത്തലെ പറമ്പത്ത് ഹരിദാസന്റെ വീട്ടില്‍ മരുന്ന് വിതരണം ചെയ്യുന്നതിനായി പാനൂര്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയമാരായ അര്‍ജുന്‍, വിഷ്ണു എന്നിവര്‍ പോകുന്നത്. മരുന്നു കൈമാറി മടങ്ങുമ്പോളാണ് ഹരിദാസന്റെ മകള്‍ കീര്‍ത്തനയുടെ ആഗ്രഹം അവര്‍ അറിയുന്നത്. വിഷുവിന് പടക്കം വാങ്ങാന്‍ സൂക്ഷിച്ച കുടുക്കയാണ്. ഇത്തവണ കോവിഡ് കാരണം വിഷു ആഘോഷങ്ങളില്ലാതെ കടന്നുപോയി. ഈ കുടുക്കയിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോ എന്ന ആഗ്രഹമാണ് കീര്‍ത്തന അവരോട് പങ്കുവെച്ചത്. കീര്‍ത്തനയുടെ ആഗ്രഹം മനസിലാക്കിയ വളണ്ടിയര്‍മാര്‍ ഉടന്‍ പാനൂര്‍ അഗ്നിരക്ഷാനിലയവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ രാജീവന്‍, അസി സ്റ്റേഷന്‍ ഓഫീസര്‍ സി എ പ്രദീപ്കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്നിവര്‍ കീര്‍ത്തനയെതേടി വീട്ടില്‍ എത്തി. കീര്‍ത്തനയുടെ കയ്യില്‍ നിന്ന് കുടുക്ക ഔദ്യോഗികമായി സ്റ്റേഷന്‍ ഓഫീസര്‍ കെ രാജീവന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കുടുക്ക പൊട്ടിച്ച് തുക എണ്ണി നോക്കുകയും കീര്‍ത്തനയുടെ ആഗ്രഹപ്രകാരം ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യുകയും സര്‍ട്ടിഫിക്കേറ്റ് വാട്സ്ആപ്പ് മുഖേന കീര്‍ത്തനക്ക് അയച്ചു നല്‍കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ അര്‍ജുന്‍ വിഷ്ണു, നിഖില്‍, അഭിനന്ദ് എന്നിവരും ചടങ്ങില്‍ പങ്കാളികളായി.
- Log in to post comments