Skip to main content

കോവിഡ് - 19: സ്വകാര്യ ആശുപത്രികളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നയിടത്തുതന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമായും വെച്ചിരിക്കണം. ആശുപത്രിക്കകത്ത് വിവിധ പോയിന്റുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിരിക്കണം.  സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ സൗകര്യത്തോടെയായിരിക്കണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്.  ആളുകള്‍ കൂടുതലായി വരുന്ന സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് ആവശ്യമായ അധിക സൗകര്യം ഒരുക്കിയിരിക്കണം.
ജൈവ - അജൈവ മാലിന്യങ്ങള്‍ അതാതു സമയത്തുതന്നെ വേര്‍തിരിച്ച് വെക്കുന്നതിനുള്ള സൗകര്യം  ഏര്‍പ്പെടുത്തണം. ബയോമെഡിക്കല്‍ മാലിന്യം ശാസ്ത്രീയമായി സംഭരിക്കുന്നതിനും  നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കണം.  
ആളുകള്‍  സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും പ്രതലങ്ങളും സ്ഥാപനം അടക്കുന്നതിന് മുന്‍പ് 0.1% ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. ഒ പി റൂമിലെ പരിശോധന മേശ, ഡോര്‍ ഹാന്‍ഡില്‍ എന്നിവ ഇടയ്ക്കിടെ അണുനശീകരണം നടത്തേണ്ടതാണ്.
ക്യൂ സിസ്റ്റം കഴിവതും ഒഴിവാക്കണം. ക്യൂ സിസ്റ്റം ആണെങ്കില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം അതിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടത്.  ലാബ്, എക്‌സ്‌റേ യൂണിറ്റ്, ഫാര്‍മസി, മറ്റു പരിശോധന സൗകര്യങ്ങള്‍ എന്നിവയുടെ മുമ്പില്‍ ക്യൂ നിര്‍ത്താനോ ഇരിപ്പിടമൊരുക്കാനോ പാടുളളതല്ല.  ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക.  ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്.  
എല്ലാ ജീവനക്കാരും ത്രീ ലെയര്‍ മാസ്‌ക്കും ഗ്ലൗസും ധരിച്ചിരിക്കണം. ആശുപത്രി കോമ്പൗണ്ടിനകത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും  മാസ്‌ക് ലഭ്യമാക്കേണ്ടതാണ്.  കോവിഡ്- 19 രോഗീപരിചരണവുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുളള പി പി ഇ  ധരിച്ചിരിക്കണം. രോഗിക്ക് ആവശ്യമെങ്കില്‍ മാത്രമേ  ഒരു കൂട്ടിരിപ്പുകാരനെ അനുവദിക്കാവൂ.  കൂട്ടിരിപ്പുകാര്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളയാള്‍ ആയിരിക്കരുത്.  അയാള്‍ പുറത്ത് ഇറങ്ങി നടക്കരുത്. സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കുക.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വ്യക്തിഗത സുരക്ഷാസാമഗ്രികള്‍ ധരിച്ചിരിക്കണം. കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവല്‍കരണ  സാമഗ്രികള്‍ പ്രവേശന കവാടത്തിന് സമീപവും കാത്തിരിപ്പ് സ്ഥലത്തും പ്രദര്‍ശിപ്പിക്കേണ്ടതാണ്.

ആശുപത്രി കാന്റീനുകള്‍ പാലിക്കേണ്ട നിബന്ധനകള്‍:

ഭക്ഷണ വിതരണക്കാര്‍ മാസ്‌ക്, യൂണിഫോം, തൊപ്പി  എന്നിവ  ധരിച്ചിരിക്കണം. ആഹാരസാധനങ്ങള്‍ കൈകൊണ്ട് എടുത്തുവെക്കാനോ വിതരണം ചെയ്യാനോ പാടില്ല.  ബില്‍ കൗണ്ടറുകളില്‍ സാനിറ്റൈസര്‍ വെച്ചിരിക്കണം. നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് രണ്ട് കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്.  കൗണ്ടറുകള്‍ പ്രോത്സാഹിപ്പിക്കാവുന്നതും അവിടെ വെച്ച് ഭക്ഷണം വിളമ്പി നല്‍കാവുന്നതുമാണ്.  ശാരീരിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം.  പ്ലേറ്റ്, ഗ്ലാസ്സ്, സ്പൂണ്‍ മുതലായവ കഴുകി വൃത്തിയാക്കി തിളച്ച വെള്ളത്തിലിട്ട് എടുത്ത് ഉപയോഗിക്കേണ്ടതാണ്.
 

date