നിരീക്ഷണത്തിലുള്ളവരെ സഹായിക്കാന്‍ വാട്ട്സ് ആപ് ഗ്രൂപ്പുകള്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി ഗൃഹനിരീക്ഷണത്തിലുള്ളവരെ സഹായിക്കാന്‍ വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കലക്ട്രേറ്റില്‍ കൂടിയ സൂം വീഡിയോ കോണ്‍ഫറന്‍സിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.
ഗൃഹനിരീക്ഷണത്തിലുള്ളവരില് ചിലര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെടുന്നു. വാര്‍ഡുതല സമിതികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. മരുന്നു വേണം, ആശുപത്രിയില്‍ പോകണം, സാധനം വാങ്ങണം എന്നീ കാരണങ്ങള്‍ പറഞ്ഞാണ് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത്. ഇത് തടയുന്നതിനാണ് അയല്‍ക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ വാട്സ് ആപ് ഗ്രൂപ്പ് വാര്‍ഡുതലത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം(ആര് ആര് ടി) അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നത്. ഇതുവഴി നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് വേണ്ട സഹായവും എത്തിക്കും. ഒരു കാരണവശാലും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
(പി.ആര്.കെ. നമ്പര്‍. 1381/2020)
- Log in to post comments