പൊതുവിഭാഗങ്ങള്‍ക്കുള്ള സൗജന്യ അതിജീവന കിറ്റ് വിതരണം ആരംഭിച്ചു
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവിഭാഗങ്ങള്‍ക്കുള്ള(വെള്ള കാര്‍ഡ്) സൗജന്യ അതിജീവന കിറ്റ് വിതരണം ജില്ലയില്‍ ആരംഭിച്ചു. റേഷന്‍ കാര്‍ഡ് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന 9720 കാര്‍ഡ് ഉടമകള്‍ ഇന്നലെ(മെയ് 15) അതിജീവന കിറ്റുകള്‍ കൈപ്പറ്റി. 2,03,952 കുടുംബങ്ങളാണ് പൊതുവിഭാഗത്തില്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മെയ് 19 വരെയാണ് ഈ വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണതിന് സമയം അനുവദിച്ചിരിക്കുന്നത്. മെയ് എട്ടു മുതല്‍ 14 വരെ നടന്ന നീല കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ചെയ്ത സൗജന്യ അതിജീവന കിറ്റുകള്‍ ജില്ലയില്‍ 1,89,117 കുടുംബങ്ങള്‍ കൈപ്പറ്റി.
ഇതുവരെ സൗജന്യ അതിജീവന കിറ്റ് വാങ്ങാന്‍ കഴിയാത്ത എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും മെയ് 20 ന് റേഷന്‍ കടകളില്‍ നിന്നും സൗജന്യ കിറ്റ് വാങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കും. വിവിധ കാര്‍ഡ് ഉടമകള്‍ക്കുള്ള മെയ് മാസത്തെ റേഷന്‍ വിതരണവും ജില്ലയില്‍ തുടര്‍ന്ന് വരുന്നു. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പി എം ജി കെ എ വൈ പദ്ധതി പ്രകാരമുള്ള ഏപ്രില്‍ മാസത്തെ വിഹിതത്തില്‍ ഉള്‍പ്പെട്ട ഒരു കിലോ സൗജന്യ ഭക്ഷ്യധാന്യമായ കടല/പയര്‍ റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചു നല്‍കിയിട്ടുണ്ട്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പൊതുവിപണി പരിശോധന ജില്ലയില്‍ തുടരുന്നു. ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ വില ഈടാക്കുന്നതായ പരാതികള്‍ ലഭിച്ചതിനെ എല്ലാ താലൂക്കുകളിലേയും വിവിധ ഇടങ്ങളിലെ ഇറച്ചി വില്‍പന കേന്ദ്രങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തത്തിനും അമിതവില ഈടാക്കുകയും ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബോധപൂര്‍വ്വം കൃത്രിമ വിലക്കയറ്റവും ക്ഷാമവും സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യപാര സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1383/2020)
- Log in to post comments