രോഗപ്രതിരോധത്തിനൊപ്പം ഉല്‍പ്പാദന മേഖലക്കും പ്രാധാന്യം വേണം - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ക്കൊപ്പം തന്നെ വരുമാനവും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുകൂടി ആക്കം കൂട്ടണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധം, മഴക്കാലപൂര്‍വ്വ ഒരുക്കങ്ങള്‍, സുഭിക്ഷകേരളം പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡുതലത്തില്‍ കൃത്യമായി ചുമതലപ്പെട്ടവര്‍ ശ്രദ്ധചെലുത്തണം. മുകളില്‍ നിന്നും കാര്യങ്ങള്‍ തീരുമാനിക്കും എന്ന രീതി ആവരുത്. വാര്‍ഡുതലത്തില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചത് നിര്‍വ്വഹിക്കപ്പെടണം. വാര്‍ഡുതലത്തില്‍ റോഡുകളും വീടുകളും തോടുകളും ശുചിയായി സൂക്ഷിക്കാന്‍ ശ്രദ്ധവേണം. റബ്ബര്‍ പ്ലാന്റേഷനുകളില്‍ കൊതുകു വളരുന്ന അവസ്ഥയുണ്ടാകരുത്. മാലിന്യങ്ങള്‍ കൃത്യമായി നീക്കണം. മഴക്കുഴി, മഴവെള്ള സംഭരണി എന്നിവയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. വാര്‍ഡ് തലത്തില്‍ ജനകീയ സമിതികള്‍ ഇനിയും കൂടാത്തതുണ്ടെങ്കില്‍ ഉടന്‍തന്നെ യോഗം കൂടണം. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പരിസര ശുചിത്വം മാത്രമാണ് വഴിയെന്നും മന്ത്രി പറഞ്ഞു.
കൊതുകു വളരാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും, പ്രകൃതി ക്ഷോഭം മറികടക്കാന്‍ നടക്കുന്ന മുന്നൊരുക്കങ്ങളില്‍ ഏവരും പങ്കാളികളാകണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.
കോവിഡ് പ്രതിരോധസേന തന്നെ ഡെങ്കിപ്പനി പ്രതിരോധത്തിലും മാലിന്യ നിക്ഷേപം തടയുന്നതിലും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ഞായറാഴ്ച്ച ലോക്ക് ഡൗണ്‍ ആയതിനാല്‍ അന്ന് തന്നെ കൊതുകിന്റെ ഉറവിടം നശിപ്പിച്ചു ഡ്രൈ ഡേ ആചരിക്കാം. കോവിഡ് പ്രധിരോധത്തിലുള്ള വാര്‍ഡ് തല സമിതി ജാഗ്രത പാലിച്ചാല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാതെ തടയാം. കൊതുകില്ലെങ്കില്‍ ഡെങ്കി ഇല്ല എന്നത് പ്രചരിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ വകുപ്പുതലത്തില്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വിശദീകരിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ഡി എം ഒ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര്‍ സന്ധ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 1390/2020)
- Log in to post comments