ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിവോടെ മാത്രമേ കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കാവു
ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരെയും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെയും അന്യ സംസ്ഥാന തൊഴിലാളികളെ നിശ്ചിത പോയിന്റുകളില്‍ എത്തിക്കുന്നതിനും കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിവോടെയായിരിക്കണമെന്ന് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സി വാഹന സൗകര്യം ആവശ്യപ്പെട്ട് പല വകുപ്പുകളില്‍ നിന്നും വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും അഭ്യര്‍ഥനകള്‍ ലഭിക്കുന്നതായി കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമില്ലാതെ നടത്തുന്ന സര്‍വീസുകള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് അയക്കുന്ന ബസുകള്‍ക്ക് സപ്ലൈക്കോ ഔട്ട്‌ലെറ്റില്‍ നിന്നും ഇന്ധനം നിറച്ചു നല്‍കാന്‍ സപ്ലൈക്കോ ജില്ലാ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിലെ ഡ്യൂട്ടി ഓഫീസര്‍ ബസിന്റെ ആവശ്യകത കെ എസ് ആര്‍ ടി സി യെ അറിയിക്കുന്നതിന് മുമ്പായി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയോ അനുമതി വാങ്ങി വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. കെ എസ് ആര്‍ ടി സി യില്‍ നിന്നും മേല്‍ ആവശ്യങ്ങള്‍ക്കായുള്ള ബസുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സപ്ലൈകോ ജില്ലാ മാനേജര്‍ക്ക് നല്‍കി ഇന്ധനം നിറയ്ക്കാനുള്ള നിര്‍ദേശവും നല്‍കണം. സപ്ലൈകോ ജില്ലാ മാനേജര്‍ ഡി ഇ ഒ സി യില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇന്ധനത്തിന്റെ ബില്ലുകള്‍ അതത് വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ തയ്യാറാക്കി ലിസ്റ്റ് നല്‍കണം. നിര്‍ദേശങ്ങളിന്‍മേല്‍ മറ്റേതെങ്കിലും നിയമങ്ങളുടെയോ എതെങ്കിലും സര്‍ക്കുലറുകളുടെയോ അടിസ്ഥാനത്തില്‍ തടസവാദങ്ങള്‍ ഉന്നയിച്ചാല്‍ ആയതിന് ദുരന്ത നിവാര നിയമത്തിലെ വകുപ്പ് 72 പ്രകാരം നിലനില്‍പ്പുണ്ടായിരിക്കില്ല. കോവിഡ് 19 പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും ഭംഗം വന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
പുനലൂര്‍ ഭാഗത്തു നിന്നുമുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ നേരത്തെ സര്‍വീസ് അവസാനിപ്പിച്ചിരുന്ന ആര്യങ്കാവ് ബസ് സ്റ്റാന്‍ഡിന് പകരം ആര്യങ്കാവ് വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1452/2020)
- Log in to post comments