'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ഹരിതകേരളം മിഷൻ ചാലഞ്ചിൽ മെയ് 31 വരെ പങ്കെടുക്കാം.
ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിൽ മെയ് 31 വരെ പങ്കെടുക്കാം. പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവർത്തിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളിൽ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ ഹരിതകേരളം മിഷൻ ഫേസ്ബുക്ക് വഴിയും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടുകളിലെ മാലിന്യ സംസ്‌കരണത്തിനായുള്ള മാർഗങ്ങളും മിഷന്റെ ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തിൽ അഞ്ച് സ്റ്റാറുകൾ വരെ ലഭിക്കും. നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്ര സ്‌കോർ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മെയ് അവസാന വാരം ഫൈനൽ ഗ്രേഡിംഗ് നടത്താം. ലഭിച്ച സ്റ്റാറുകൾ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് സമ്മാനം നൽകും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, തരംതിരിക്കുന്ന രീതികൾ, ഫോട്ടോകൾ, സെൽഫികൾ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്ബുക് പേജിൽ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങൾ/ വിവരണങ്ങൾ/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഹരിതകേരളം മിഷൻ ഔദ്യോഗിക ഫേസ് ബുക് പേജിൽ ലഭിക്കും.
- Log in to post comments