Skip to main content

തൃശൂർ മെഡിക്കൽ കോളേജിൽ പ്ലേറ്റ്ലെറ്റ് ഫെറെസിസ് സംവിധാനം

തൃശൂർ മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ ഫെറെസിസ് ടെക്നോളജി മുഖേന ആവശ്യമായ രക്ത ഘടകം മാത്രം വേർതിരിച്ചെടുക്കുവാനുള്ള പ്ലേറ്റ്ലെറ്റ് ഫെറെസിസ് സംവിധാനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 20 ലക്ഷത്തോളം വില വരുന്ന ഫ്രസിനിയസ് കോംറ്റെക് മെഷീൻ ആണ് ഇതിനായി ലഭ്യമാക്കിയത്. നിശ്ചിത രക്ത ഘടകം മാത്രം ശേഖരിച്ച് ശേഷിച്ച ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ നൽകാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ സമയം വൈകാതെ പ്ലേറ്റ്ലെറ്റുകൾ ശേഖരിക്കാനാകും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പിന്നാലെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ഈ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തുടർച്ചയായി പ്ലേറ്റ്ലെറ്റ് നൽകേണ്ടി വരുന്ന രക്താർബുദം, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്ന മറ്റ് അസുഖങ്ങൾ, ഡെങ്കിപ്പനി മുതലായവക്ക് ഇത് ഉപയോഗിക്കാം. മജ്ജ മാറ്റിവക്കൽ, അവയവം മാറ്റിവക്കൽ എന്നീ ചികിത്സകളിൽ അല്ലോഇമ്മ്യൂണൈസേഷൻ തടയുന്നതിനായും ഉപയോഗിക്കുന്നു. അപൂർവമായ രക്ത ഗ്രൂപ്പുകൾക്ക് രക്ത ദാതാക്കൾ വിരളമായ സന്ദർഭങ്ങളിൽ ഫെറെസിസ് വഴി പ്ലേറ്റ്ലേറ്റ് ശേഖരിച്ചും രോഗിക്ക് നൽകാം.
രക്ത ദാതാവിൽ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടർച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെൻട്രിഫ്യൂഗേഷൻ വഴിയാണ് രക്ത ഘടകങ്ങൾ വേർതിരിക്കുന്നത്. ഉയർന്ന ഗുണമേൻമയുള്ള രക്ത ഘടകമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്ന് മുതൽ ആറ് വരെ രക്ത ദാതാക്കളിൽ നിന്നും രക്തം ശേഖരിച്ച് ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നതിന് തുല്യമാണ് ഫെറെസിസ് വഴി ശേഖരിക്കുന്ന ഒരു യൂണിറ്റ് പ്ലേറ്റലെറ്റ്.
വർഷത്തിൽ പല തവണ ഒരു രക്ത ദാതാവിൽ നിന്ന് ഫെറെസിസ് വഴി പ്ലേറ്റ്ലറ്റ് മാത്രമായി വേർതിരിച്ചെടുക്കാനാവും. രക്തദാതാവിന്റെ മെഡിക്കൽ പരിശോധനയും ടെസ്റ്റുകളും നടത്തി മാത്രമേ ഫെറെസിസ് പ്രക്രിയ നടത്താനാകൂ. ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ് ഇതിനുവേണ്ട സമയം. ഒരു ദാതാവിൽ നിന്ന് ഒരു തവണ ഫെറെസിസ് വഴി പ്ലേറ്റലെറ്റ് വേർതിരിക്കുന്നതിന് 7,000 രൂപ മുതൽ 10,000 രൂപ വരെയാണ് ചെലവ് വരുന്നത്.
പി.എൻ.എക്സ്.1884/2020

date