Skip to main content

കോവിഡ് 19:  ജില്ലയില്‍ രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് (27.05.20) രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.

ആദ്യത്തെയാള്‍ മെയ് 17 ന് വിമാനമാര്‍ഗ്ഗം അബുദാബിയില്‍ നിന്ന്  കരിപ്പൂരില്‍ എത്തുകയും സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി കോവിഡ് കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. മെയ് 25 ന് സ്രവപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍  ചികിത്സയിലാണ്.  ആരോഗ്യനില തൃപ്തികരമാണ്.

രണ്ടാമത്തെ വ്യക്തി മെയ് 21 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 25 ന് കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും ഇന്ന് ഫലം പോസിറ്റീവാകുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 52 ആയി. 25 പേര്‍ രോഗമുക്തരായതിനാല്‍ 27 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 14 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 8 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും ചികിത്സയിലാണ്. ഇതുകൂടാതെ  2 മലപ്പുറം സ്വദേശികളും  2 കാസര്‍ഗോഡ് സ്വദേശികളും 1 തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും പോസിറ്റീവായി ചികിത്സയിലുണ്ട്.

ഇന്ന് 260 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4103 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3851 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3784 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 252 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
 

date