വെള്ളാങ്ങല്ലൂർ വാർത്തകൾ അറിയാൻ ഇനി ഗ്രാമപത്രിക ആപ്പ്
വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വിശേഷങ്ങളും വാർത്തകളും പഞ്ചായത്ത് അറിയിപ്പുകളും അറിയുന്നതിനായി ഇനി 'ഗ്രാമ പത്രിക' മൊബൈൽ ആപ്പ്. വെള്ളാങ്ങല്ലൂർ നിവാസികളായ ലെവിൻ, അലക്‌സ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഹോട്ടാഗ്‌സ്' എന്ന കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. പഞ്ചായത്തിനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കി സ്മാർട്ട് ആവുകയാണ് വെള്ളാങ്ങല്ലൂർ.
ആദ്യഘട്ടത്തിൽ വാർത്തകളും അറിയിപ്പുകളും വിശേഷങ്ങളും മാത്രമായാണ് പഞ്ചായത്തിന്റെ മൊബൈൽ ഓൺലൈൻ ഗേറ്റ് വേ ജനങ്ങൾക്ക് തുറന്നു കൊടുത്തത്. പിന്നീട് പഞ്ചായത്ത് വഴി നടപ്പാക്കുന്ന സേവനങ്ങളും ഇത് വഴി ലഭ്യമാക്കും. കോവിഡ് 19 സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശങ്ങളും സുരക്ഷാ മുൻ കരുതലുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ, പ്രവാസികൾ എന്നിവരുടെ വിശദവിവരങ്ങളും നാട്ടിൽ വന്നാൽ പാലിക്കേണ്ട നിർദ്ദേശങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുത്തി. എംഎൽഎ, എംപി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ ആപ്ലിക്കേഷൻ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എല്ലാ മേഖലകളിൽ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ഇതിലൂടെ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ആപ്പ് ജനങ്ങൾക്ക് തുറന്നു കൊടുത്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആപ്പ് കമ്പനി പ്രതിനിധി അലക്‌സ് പ്രവർത്തനം വിശദീകരിച്ചു.
- Log in to post comments