കുന്നംകുളം നഗരസഭ നഗര കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം തിങ്കളാഴ്ച
കുന്നംകുളം നഗരസഭയിലെ നഗര കുടുംബാരോഗ്യ കേന്ദ്രം ജൂൺ ഒന്നിന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് പോർക്കളേങ്ങാട് നഗര കുടുംബാരോഗ്യ കേന്ദ്രത്തിലെ ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാവും. രമ്യ ഹരിദാസ് എം പി, നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ് എന്നിവർ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുക.
മാസങ്ങൾക്ക് മുൻപാണ് നഗര കുടുംബാരോഗ്യ കേന്ദ്രമായി കുന്നംകുളം നഗരസഭയിലെ പോർക്കളെങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്ത് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ് ഉൾപ്പെടെ 11 തസ്തികകളാണുള്ളത്.
2000 ൽ ചൊവ്വന്നൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പോർക്കളെങ്ങാട് നിലവിലുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം ചൊവ്വന്നൂർ പി എച്ച് സി ആയിരുന്നതുകൊണ്ട് 2015 ൽ ചെമ്മന്തട്ടയിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് പോർക്കളെങ്ങാട് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ വേണമെന്ന ആവശ്യമുയർന്നത്.
- Log in to post comments